
ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് നിയന്ത്രിക്കാൻ ശുപാർശകളുമായി ഐക്യരാഷ്ട്ര സഭ
ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സുമായി ബന്ധപ്പെട്ട ഭീഷണികളും ഭരണ നിര്‍വഹണത്തിലെ പ്രശ്‌നങ്ങളും പരിഹരിക്കാൻ റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സഭ. ഏഴ് ശുപാര്‍ശകള്‍ അടങ്ങുന്ന അന്തിമ റിപ്പോര്‍ട്ടാണ് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയത്. യുഎൻ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് ഉപദേശക സമിതിയുടെ വിദഗ്ധ പഠനത്തിന് ശേഷമാണ് ശുപാർശകൾ മുന്നോട്ട് വെച്ചത്. ആഗോള തലത്തിൽ എഐ നിയന്ത്രണത്തിനുള്ള ആദ്യ പടിയാണിത്. ‘ഗവേണിങ് എഐ ഫോര്‍ ഹ്യുമാനിറ്റി’ എന്നാണ് റിപ്പോർട്ടിൻറ്റെ ശീർഷകം.
ആഗോള തലത്തിൽ 2000 ത്തിലധികം ആളുകളുമായി കൂടിയാലോചന നടത്തിയാണ് സമിതി ‘ഗവേണിങ് എഐ ഫോര്‍ ഹ്യുമാനിറ്റി’ എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2023 ലാണ് യുഎൻ കൃത്രിമ ബുദ്ധിയെ അന്താരാഷ്ട്ര തലത്തില്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 39 അംഗ ഉപദേശക സമിതി രൂപീകരിച്ചത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഈ മാസം നടക്കുന്ന യുഎന്‍ സമ്മേളനത്തില്‍ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കും.
അന്തര്‍ദേശീയ സയൻ്റിഫിക് പാനല്‍ രൂപീകരിക്കുക, നയ ചർച്ചകൾ സംഘടിപ്പിക്കുക, എഐ സ്റ്റാന്‍ഡേര്‍ഡ് എക്‌സ്‌ചേഞ്ച്, ആഗോള എഐ ശേഷി വികസന ശൃംഖല, ഗ്ലോബല്‍ എഐ ഫണ്ട്, ഗ്ലോബല്‍ എഐ ഡാറ്റാ ഫ്രെയിംവര്‍ക്ക്, യുഎന്‍ സെക്രട്ടേറിയറ്റില്‍ എഐ ഓഫീസ് എന്നിങ്ങനെയാണ് ഉപദേശക സമിതി മുന്നോട്ട് വെച്ചിരിക്കുന്ന ഏഴ് നിർദേശങ്ങൾ.
സയൻ്റിഫിക് പാനൽ നിഷ്പക്ഷവും വിശ്വസനീയവുമായ ഒരു ശാസ്ത്ര സംഘത്തിന് രൂപം നല്‍കുക. അംഗരാജ്യങ്ങളുടെ എഐ പ്രാപ്തികൾ, അപകടസാധ്യതകള്‍, ട്രെന്‍ഡുകള്‍ എന്നിവയെക്കുറിച്ച് പഠിക്കും. ഒപ്പം മനുഷ്യാവകാശങ്ങൾ ഉൾപ്പെടയുള്ള വിഷയങ്ങൾ നയപരമായി ചർച്ച ചെയ്യാനും നിർദേശിക്കുന്നു. എഐ പരസ്പര സഹകരണം രാജ്യങ്ങൾ തമ്മിലുള്ള എഐ വിടവ് നികത്താൻ അന്താരാഷ്ട്ര എഐ വികസന ഫണ്ട് എന്നിവയും നിർദേശങ്ങളുടെ ഭാഗമാണ്.
എഐ യുദ്ധ രംഗത്ത് ഉൾപ്പെടെ സജീവമാകുമ്പോൾ നിയന്ത്രണത്തിൻ്റെ പ്രാധാന്യം വർധിക്കുന്നു എന്നതും വസ്തുതയാണ്. എന്നാൽ അംഗരാജ്യങ്ങളെ നിയന്ത്രിക്കുന്നതിൽ ദുർബലമാകുന്ന ഐക്യരാഷ്ട്ര സഭ ഈ വിഷയത്തിൽ എത്രത്തോളം ശക്തമായ ഇടപെടൽ നടത്തുമെന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.