KeralaNews

കോടികൾ മുടക്കി പടമെടുക്കുന്നത് നിനക്ക് നെഗറ്റീവ് റിവ്യൂ ചെയ്യാനല്ല; നിർമ്മാതാവ് എബ്രഹാം ഭീഷണിപ്പെടുത്തിയതായി വ്‌ളോഗർ

എറണാകുളം: സിനിമയെക്കുറിച്ച് നെഗറ്റീവ് റിവ്യൂ ചെയ്ത വ്‌ളോഗറെ നിർമ്മാതാവ് എബ്രഹാം ഭീഷണിപ്പെടുത്തിയതായി പരാതി. ഭീഷണിയിൽ ഭയന്ന് വ്‌ളോഗർ റിവ്യൂ നീക്കം ചെയ്തു. ഓണത്തിന് റിലീസ് ചെയ്ത ചിത്രം ബാഡ് ബോയ്‌സിനെക്കുറിച്ച് നെഗറ്റീവ് റിവ്യൂ ഇട്ട വ്‌ളോഗറെയാണ് എബ്രഹാം ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. എബാം മൂവിസിൻ്റെ ഉടമയും നടിയുമായ ഷീലു എബ്രഹാമിൻ്റെ ഭർത്താവാണ് എബ്രഹാം.

കഴിഞ്ഞ ദിവസമാണ് സിനിമയ്‌ക്കെതിരെ വ്‌ളോഗർ റിവ്യൂ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എബ്രഹാം ഫോണിൽ വ്‌ളോഗറെ ബന്ധപ്പെടുകയായിരുന്നുവെന്നാണ് വിവരം. നേരം വെളുക്കുമ്പോഴേയ്ക്കും റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ വിവരം അറിയുമെന്നും എബ്രഹാം ഭീഷണിപ്പെടുത്തിയതായി വ്‌ളോഗർ ആരോപിക്കുന്നു.

കോടിക്കണക്കിന് രൂപ മുടക്കി സിനിമ നിർമ്മിക്കുന്നത് നിനക്ക് നെഗറ്റീവ് റിവ്യൂ ചെയ്യാനല്ല, കാശ് വാങ്ങി ഇത്തരം റിവ്യൂകൾ ഇടുന്ന പരിപാടി അവസാനിപ്പിക്കണമെന്നും എബ്രഹാം ഭീഷണിപ്പെടുത്തിയെന്നാണ് വ്‌ളോഗർ പറയുന്നത്. തനിക്ക് ജീവനിൽ ഭയമുണ്ട്. തന്നെ കൊലപ്പെടുത്തും. കാശുള്ളവരോട് ഒന്നും പറയാനാകില്ലെന്നും പറഞ്ഞുകൊണ്ടാണ് വ്‌ളോഗർ സിനിമ റിവ്യൂ നീക്കം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *