ഉണ്ട സിനിമയുടെ കഥ ആവർത്തിച്ച് കേരള പൊലീസിലെ സായുധ സേനയുടെ തോക്കും തിരയും കളഞ്ഞ കേസിൽ അന്വേഷണം അനന്തമായി നീളുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിനു പുറത്തു പോയ പൊലീസ് സംഘത്തിൻ്റെ പക്കൽ നിന്നും തോക്കും തിരകളും നഷ്ട്ടപെട്ട സംഭവത്തിലെ അന്വേഷണമാണ് അനന്തമായി നീളുന്നത്. ട്രെയിനിൽ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് സംഘം അച്ചടക്കത്തിൻ്റെ സകല സീമകളും ലംഘിച്ചുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് പൊലീസ് മേധാവി ശിപാർശ ചെയ്‌തെങ്കിലും അന്വേഷണം അനന്തമായി നീട്ടുകയാണ്.
അജിതാ ബീഗം ഐപിഎസിനെയാണ് മൊഴിയെടുക്കാൻ ചുമതലപ്പെടുത്തിയത് എങ്കിലും അന്വേഷണം എങ്ങും എത്തിയിട്ടില്ല. നിലവിൽ തിരുവനന്തപുരം റേഞ്ച് ഡിഐജിയാണെങ്കിലും അജിതാ ബീഗത്തെ തന്നെ ചുമതല തുടരുമെന്ന് കാണിച്ച് വീണ്ടും ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലും അംഗമായ അജിതാ ബീഗം തിരക്കൊഴിഞ്ഞ് മൊഴിയെടുക്കൽ എന്ന് പൂർത്തിയാക്കും എന്ന് യാതൊരുറപ്പുമില്ല. പ്രത്യേകിച്ച് പൊലീസിനെതിരെയുള്ള അന്വേഷണം ആയത് കൊണ്ട് കഴിവതും നീട്ടുക എന്ന നയമാകും ഇവിടെ പിന്തുടരുക. ഒരുപക്ഷെ പൊലീസ് രഹസ്യമായി അന്വേഷിച്ച് തോക്കും തിരകളും കണ്ടെത്തുന്ന വരെ അന്വേഷണം ഇഴയ്ക്കുക എന്ന ലക്ഷ്യവും അന്വേഷണം വൈകുന്നതിന് പിന്നിൽ ഉണ്ടാകും.
രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച റിസർവ് സേനയുടെ കസ്റ്റഡിയിൽ നിന്നാണ് 9 എംഎം പിസ്റ്റളും 20 തിരകളും നഷ്ടപെട്ടത്. ആയുധങ്ങളുമായി ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥർ എല്ലാം മറന്ന് ട്രെയിനിൽ ഇരുന്ന് മദ്യപിച്ച് ലക്ക് വിടുകയും, തമ്മിൽ തല്ലുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. ഈ സമയം ആയുധങ്ങൾക്ക് വേണ്ട സുരക്ഷ ഒരുക്കാൻ സെൻട്രിയെ പോലും നിയമിക്കാനുള്ള ബോധം പോലും ഇവർക്ക് ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങൾ ആഭ്യന്തര വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. വകുപ്പുതല അന്വേഷണത്തിന് ഉത്തരവ് ഇട്ടെങ്കിലും ഈ അന്വേഷണം അനന്തമായി നീട്ടി വീഴ്ച വരുത്തിയവരെ സംരക്ഷിക്കാനുള്ള നീക്കമാണ് പിന്നണിയിൽ നടക്കുന്നത് എന്ന് വേണം അനുമാനിക്കാൻ.
ഒരുപക്ഷേ സുജിത് ദാസ് അൻവറിനോട് ആജീവനാന്ത കടപ്പാട് പ്രഖ്യാപിച്ച പോലെ ഏതേലും നേതാവിന് ജീവിതം അടിയറ വെച്ചും പെൻഷൻ ഉറപ്പിക്കാനുള്ള തന്ത്രപ്പാടിൽ ആകും ഈ കള്ളുകുടിയൻ പൊലീസുകാർ. തോക്കും തിരകളും കളഞ്ഞ ബറ്റാലിയൻ്റെ ചുമതല എഡിജിപി എംആർ അജിത് കുമാറിന് ആയിരുന്നു എന്നത് എങ്ങനെ അന്വേഷണം നീളുന്നു എന്ന ചോദ്യത്തിന് ഉത്തരമായേക്കും.
എസ് എ പി ക്യാമ്പിലെ എസ്ഐയുടെ പക്കൽ നിന്നാണ് തോക്ക് നഷ്ടപെട്ടെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും മേൽനോട്ട ചുമതലയുള്ള കമാൻണ്ടൻറ്, ഡെപ്യൂട്ടി കമാൻണ്ടൻറ്, അസിസ്റ്റൻഡ് കമാണ്ടൻറ്റ് എന്നിവർക്കെതിരെയും പ്രാഥമിക റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇവരുടെ കൃത്യവിലോപം സേനയുടെ അച്ചടക്കം തന്നെ തകർക്കുന്ന നടപടി ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഏതൊക്കെ ഉദ്യോഗസ്ഥരാണ് കൈവശം ആയുധം സൂക്ഷിച്ചത് എന്ന വിവരം പോലും മേലുദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നില്ല എന്നത് ഞെട്ടിക്കുന്ന കണ്ടെത്തലായിരുന്നു. കീഴുദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് തടയാനും മേലുദ്യോഗസ്ഥര്‍ കഴിഞ്ഞില്ല.
സിപി അജിത് കുമാർ കമാണ്ടൻറ്റ് (കെഎപി ബറ്റാലിയൻ) എസ് ഷിബു ഡെപ്യൂട്ടി കമാണ്ടൻറ്റ് (എസ്എ പി) സ്റ്റാർമോൻ പിള്ള അസിസ്റ്റൻഡ് കമാണ്ടൻറ്റ്, ഷറഫുദീൻ മൂപ്പൻ (ആംഡ് പൊലീസ് ഇൻസ്‌പെക്‌ടർ), ഡി രാജേഷ് (ആംഡ് പൊലീസ് ഇൻസ്‌പെക്‌ടർ എസ്എപി), പത്മകുമാർ ബി (ആംഡ് പൊലിസ് എസ്‌ഐ), വി എസ് ജയചന്ദ്രൻ (ആംഡ് പൊലീസ് എസ്ഐ), ജി ബിജു (ആംഡ് പൊലീസ് എസ്‌ഐ), എപി സുധീഷ് (ആംഡ് പൊലീസ് അസിസ്റ്റൻഡ് എസ്‌ഐ), വി വിശാഖ് (ആംഡ് പൊലീസ് എസ്ഐ) എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ശിപാർശ ചെയ്തിരിക്കുന്നത്.
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കി രാജസ്ഥാനില്‍ ചുമതല ഏറ്റെടുക്കാനുള്ള യാത്രക്കിടയിലാണ് തിരകൾ നഷ്ടമായത്. ഉദ്യോഗസ്ഥർക്കുള്ള സ്പെഷ്യൽ ട്രെയിനിൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. ഒരു പൊലീസുകാരൻ തോക്കും തിരകളും അടങ്ങിയ ബാഗ് എടുത്ത് പുറത്തേക്ക് എറിഞ്ഞു എന്ന മൊഴി സംഭവത്തിൻ്റെ ദുരൂഹത വർധിപ്പിക്കുന്നു.
ഡിഐജി അജിതാ ബീഗം തന്നെ നിരവധി ചുമതലകൾക്ക് പുറമെ അച്ചടക്കം ലംഘിച്ച ഉദ്യോഗസ്ഥരുടെ മൊഴി കൂടി എടുക്കണമെന്നാണ് പുതിയ ഉത്തരവ്. എന്തായാലും കേസ് അടുത്തെങ്ങും ഒരു തീരുമാനത്തിൽ എത്തില്ലെന്ന് ഇതോടെ ഉറപ്പിക്കാം.