
സെക്രട്ടേറിയറ്റിലെ സിപിഎം യൂണിയന്‍ നേതാവിനെതിരെ വിജിലന്‍സ് കേസ്
സി.പി.എം നിയന്ത്രണത്തിലുള്ള കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡൻ്റും പൊതുഭരണ വകുപ്പു അഡീഷണല്‍ സെക്രട്ടറിയുമായ പി. ഹണിക്കെതിരെ വിജിലന്‍സ് കോടതിയില്‍ കേസ്. ബി.ജെ.പി നേതാവായ അഡ്വ. ആര്‍.എസ്. രാജീവിന്റെ ഹര്‍ജിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ആക്രി വസ്തുക്കള്‍ അനധികൃതമായി കടത്തി 25 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് ഹണിക്കെതിരെ ഉള്ളത്. സെക്രട്ടേറിയറ്റില്‍ ഹണിയുടെ വിശ്വസ്തനായ ബിനു എന്ന വ്യക്തിയെ അനധികൃതമായി നിയമിച്ചാണ് തട്ടിപ്പ് നടത്തിയത്. ബിനു ഈ കേസില്‍ രണ്ടാം പ്രതിയാണ്. സെക്രട്ടേറിയറ്റിലെ BMS സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് സംഘ് ആക്രി വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട നിവേദനം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് വിജിലൻസ് കോടതി ഇടതു നേതാവിനെതിരായ ഹർജി ഫയലിൽ സ്വീകരിച്ചത്.
ദിവസവേതനക്കാരനായി നിയമിച്ച ബിനു സെക്രട്ടേറിയറ്റിലെ ആക്രിവസ്തുക്കള്‍ കരമനയിലെ മുത്തുവേല്‍ എന്ന ആക്രി വ്യാപാരിയ്ക്ക് വില്‍ക്കുകയും തുക സ്വന്തം അക്കൗണ്ടില്‍ സ്വീകരിക്കുകയായിരുന്നു പതിവ്. ആക്രി വസ്തുക്കല്‍ പുറത്തു കൊണ്ടു പോകാനുള്ള പാസ് അനധികൃതമായി ഹൗസ്കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള ഹണിയായിരുന്നു അനുവദിച്ചിരുന്നത്. ഈ തട്ടിപ്പ് വര്‍ഷങ്ങളോളം നടത്തിവരികയായിരുന്നു. സ്റ്റോര്‍ പര്‍ച്ചേസ് മാന്വലിന്റെ ലംഘനം നടത്തിയ കേസ് ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ കൂടുതല്‍ തുക തട്ടിയെടുത്തവിവിരം പുറത്തുവരുമെന്നും ഹര്‍ജിയില്‍ പറയുന്നു.
സെക്രട്ടേറിയറ്റിനു മുന്നില്‍ കൂറ്റന്‍ ഫ്ളക്സ് സ്ഥാപിച്ചതില്‍ ഹണിക്കെതിരെ നടപടി എടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ പ്രകോപനമുദ്രാവാക്യം ഉയര്‍ത്തി പൊതു നിരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ അണിനിരത്തി പ്രതിഷേധിച്ചതിനും ഇദ്ദേഹത്തിനെതിരെ പരാതി ഉണ്ട്. 2001 ല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനെ ആക്രമിച്ചതിന് കോടതി ശിക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ പി.ഹണിയെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പിന്നീട് അപ്പീല്‍ കോടതി ശിക്ഷ റദ്ദുചെയ്തിരുന്നു. സെക്രട്ടേറിയറ്റില്‍ രാഷ്ട്രപതിയുടെ ചിത്രം സ്ഥാപിക്കുന്നതിന് തടസം നില്‍ക്കുന്നതും ഹൗസ്കിപ്പിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള ഈ ഉദ്യോഗസ്ഥനാണെന്ന് ആക്ഷേപമുണ്ട്..