ഐപിഎല്‍ 2025-ന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിക്രം റാത്തോറിനെ രാജസ്ഥാന്‍ റോയല്‍സിൻ്റെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചു. 2008ലെ ഉദ്ഘാടന സീസണിൽ വിജയിച്ചതിന് ശേഷമുള്ള ആദ്യ ഐപിഎൽ കിരീടം കാത്തിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ച റാത്തോര്‍ ഏറ്റവും ഒടുവില്‍ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായിരുന്നു. 2012 മുതല്‍ ദേശീയ സെലക്ടറായും പ്രവര്‍ത്തിച്ചു.
‘റോയല്‍ കുടുംബത്തിൻ്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു പദവിയാണ്. രാഹുലിനൊപ്പം വീണ്ടും ഒന്നിക്കാനുള്ള അവസരവും യുവ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ആവേശത്തിലുമാണ്. റോയല്‍സിനും ഇന്ത്യയ്ക്കും ചാമ്പ്യന്‍ഷിപ്പുകള്‍ നേടാന്‍ സഹായിക്കുന്ന മികച്ച കളിക്കാരെ വളര്‍ത്തിയെടുക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” റാത്തോര്‍ നിയമനത്തിന് ശേഷം പറഞ്ഞു.
പരിശീലനകാലം
സീനിയര്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി ദ്രാവിഡും റാത്തോറും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2024 ജൂണ്‍ 29 ന് ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോള്‍ ഇരുവരും കോച്ച് പദവി അവസാനിപ്പിച്ചു.
“വര്‍ഷങ്ങളായി വിക്രമുമായി അടുത്ത് പ്രവര്‍ത്തിച്ചതിനാല്‍, അദ്ദേഹത്തിൻ്റെ സാങ്കേതിക വൈദഗ്ദ്ധ്യം, ശാന്തമായ പെരുമാറ്റം, ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ ടീമിന് അനുയോജ്യനാക്കുന്നുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും,’ റാത്തോറിൻ്റെ നിയമനത്തെക്കുറിച്ച് ദ്രാവിഡ് പറഞ്ഞു.
റോയൽസിൻ്റെ സോഷ്യൽ മീഡിയ വരവേല്‍പ്പ്
രാജസ്ഥാൻ റോയൽസിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വിക്രം റാത്തോറിനെ നിയമിച്ചതായി പ്രഖ്യാപിച്ച് ചില അതിശയിപ്പിക്കുന്ന പോസ്റ്റുകൾ ഇറക്കി. ഒരു പോസ്റ്റിൽ അക്ഷയ് കുമാറിൻ്റെ ‘റൗഡി റാത്തോർ’ എന്ന സിനിമയിലെ ധീരനായ പോലീസ് ഓഫീസറുടെ വേഷം ചെയ്യുന്ന ഓഡിയോ ക്ലിപ്പ് ഉണ്ടായിരുന്നു. മറ്റൊരു പോസ്റ്റിൽ ആർആർ ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ടും വിക്രം റാത്തോറും തമ്മിലുള്ള ആനിമേറ്റഡ് എക്സ്ചേഞ്ച് ഫീച്ചർ ചെയ്തു.