ഇ-സിം സംവിധാനത്തിലേക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ സൂക്ഷിച്ചോളൂ

കേരള പോലീസാണ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ സിം കാർഡുകള്‍ ഇ-സിമ്മിലേക്ക് മാറുമ്പോൾ നടക്കാൻ സാധ്യതയുള്ള തട്ടിപ്പുകളെ കുറിച്ച്‌ അറിയിപ്പ് തന്നത്.

e sim card

തിരുവനന്തപുരം: ചിലപ്പോള്‍ നിങ്ങളുടെ സിം കാർഡ് പൂർണമായും മറ്റ് ചിലരുടെ കൈകളിലെത്തിയേക്കാം, തുടർന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം അവർ ഏറ്റെടുക്കുകയും ചെയ്തേക്കാം. കേരള പോലീസാണ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ സിം കാർഡുകള്‍ ഇ-സിമ്മിലേക്ക് മാറുമ്പോൾ നടക്കാൻ സാധ്യതയുള്ള തട്ടിപ്പുകളെ കുറിച്ച്‌ അറിയിപ്പ് തന്നത്. ‘ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം’ എന്ന് തുടങ്ങുന്നതാണ് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പോലീസിൻ്റെ അറിയിപ്പ്.

മൊബൈല്‍ ഫോണ്‍ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററില്‍ നിന്നെന്ന വ്യാജേന നിങ്ങളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. മൊബൈല്‍ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച്‌ 32 അക്ക ഇ-ഐഡി നല്‍കി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവർ ആവശ്യപ്പെടുക. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തങ്ങള്‍ നല്‍കുന്ന വാട്സപ്പ് നമ്പറിൽ അയച്ചു നല്‍കാനും അവർ നിർദ്ദേശിക്കുന്നു.

ക്യു ആർ കോഡ് ലഭിക്കുന്ന തട്ടിപ്പുകാർ തന്നെ നിങ്ങളുടെ പേരില്‍ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സിം കാർഡിൻ്റെ പൂർണ്ണ നിയന്ത്രണം അവരുടെ കൈകളില്‍ എത്തുകയും നിങ്ങളുടെ കൈവശമുള്ള സിം പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു. 24 മണിക്കൂറിനുള്ളില്‍ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവർത്തനക്ഷമം ആവുകയുള്ളൂ എന്ന് തട്ടിപ്പുകാർ നിങ്ങളെ അറിയിക്കുന്നു. ഈ സമയപരിധിക്കുള്ളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ആയി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർ ഏറ്റെടുക്കുന്നതോടെ തട്ടിപ്പ് പൂർണമാകുന്നു.

കസ്റ്റമർ കെയർ സെൻ്ററുകളിൽ നിന്ന് എന്ന പേരില്‍ ലഭിക്കുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാർഗം. വിവിധ സേവനങ്ങള്‍ക്കായി മൊബൈല്‍ സർവീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കള്‍ നല്‍കുന്ന ക്യൂ ആർ കോഡ്, ഓ ടി പി, പാസ്വേഡ് എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. നിങ്ങളുടെ സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെയ്ക്കാൻ പാടില്ല. നിങ്ങളുടെ എല്ലാത്തരം ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്കും “ടു സ്റ്റെപ് വെരിഫിക്കേഷൻ” എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments