ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് വഴിത്തിരിവായിമാറി ആർ.അശ്വിൻ, ജഡേജ കൂട്ടുകെട്ട്. രണ്ട് സ്പിൻ ഓൾറൗണ്ടർമാർ തകർത്തുകളിച്ചപ്പോൾ ഇന്ത്യയുടെ സ്‌കോർ നില ആറിന് 339.
തകർപ്പൻ കൂട്ടുകെട്ടും സെഞ്ച്വറി നേട്ടവും ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ, വീരേന്ദർ സെവാഗ്, സൗരവ് ഗാംഗുലി എന്നിവരെ വിസ്മയിപ്പിച്ചു.
ചെപ്പോക്കിൽ ടോസ് അനുകൂലമാക്കിയ ബംഗ്ലാദേശ്, ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാൻ ഇറക്കി, ആദ്യ മണിക്കൂറിൽ ഇറങ്ങിയ രോഹിത് ശർമ്മ(6), ശുഭ്മാൻ ഗിൽ(0), വിരാട് കോഹ്ലി (6) എന്നിവർ 12 റൺസ് മാത്രം നേടി ഹസൻ മഹമൂദിൻ്റെ പന്തിൽ തകർന്നു. മുൻനിര ബാറ്റർമാർ പുറത്തായതോടെ ആദ്യ ദിനത്തെ പ്രതീക്ഷയും മങ്ങി.
യശസ്വി ജയ്സ്വാളും (56) ഋഷഭ് പന്തും (39) പൊരുതിനോക്കിയെങ്കിലും അമ്പത് റൺസ് കൂട്ടുകെട്ടിന് ശേഷം ബംഗ്ലാദേശ് ബൗളർമാരായ നഹിദ് റാണയും ഹസനും വീണ്ടും ഇന്ത്യൻ വിക്കറ്റു വീഴ്ത്തി. ശേഷം വന്ന കെ എൽ രാഹുലിനെയും തിരിച്ചയച്ച് ബംഗ്ലാദേശ് ബൗളർമാർ ഇന്ത്യയെ പ്രതിസന്ധിയിലാക്കി.
അശ്വിൻ – ജഡേജ ത്രില്ലർ
ക്രീസിലെത്തിയ അശ്വിനും ജഡേജയും ചെപ്പോക്കിൽ ത്രില്ലർ പോരാട്ടമൊരുക്കി. ടീം സ്‌കോർ 144 ൽ നിൽക്കുമ്പോൾ ഒരുമിച്ച ഇരുവരെയും തൊടാൻ പോലും ബംഗ്ലാദേശ് ബൗളർമാർക്ക് കഴിഞ്ഞില്ല. രോഹിത്, കോലി, ഗിൽ തുടങ്ങിയ ഇന്ത്യയുടെ സൂപ്പർ നിരയെ തകർത്ത ഹസൻ മഹമൂദിനുപോലും വിക്കറ്റെടുക്കാൻ കഴിയാതെ നോക്കി നിക്കേണ്ടി വന്നു. ഏഴാം വിക്കറ്റ് കൊതിച്ച ബംഗ്ലാദേശിന് സ്റ്റമ്പെടുക്കുന്നതു വരെ ഇന്ത്യൻ ബൗളർമാരുടെ ബാറ്റിങ്ങ് തടയാൻ പറ്റിയില്ല. ഇരുവരുടെയും കൂട്ടുകെട്ടിൽ 195 റൺസ് പിറന്നു. അശ്വിൻ(102), ജഡേജ (86), ഇന്ത്യ 144 ൽ നിന്ന് 339 ലേക്കുയർന്നു. ആദ്യദിനം മനോഹരമാക്കി രണ്ട് ഓൾറൗണ്ടർമാർ ചേർന്ന് കളി അവസാനിപ്പിച്ചു.
എട്ടാമനായി ക്രീസിൽ
ബാറ്റിങ്ങ് നിര തകർന്നടിഞ്ഞപ്പോൾ എട്ടാമനായാണ് അശ്വിൻ ക്രീസിലെത്തുന്നത്. 112 പന്തിൽ 102 റൺസ് ആ ബാറ്റിൽ നിന്നും പിറന്നു. രണ്ട് സിക്‌സും 10 ഫോറും ചേർന്ന സൂപ്പർ ഇന്നിങ്ങ്‌സ്. ചെപ്പോക്കിലെ ഹോംഗ്രണ്ടിൽ കൂറ്റനടികൾ നടത്തുമ്പോൾ ഗാലറിയും അശ്വിൻനൊപ്പം ചേർന്നു.അശ്വിൻ്റെ ആറാം ടെസ്റ്റ് സെഞ്ചുറിയാണിത്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം ടെസ്റ്റ് മത്സരത്തിലും സെഞ്ചുറി നേടി എന്ന പ്രത്യേകതയും ഇതിനുണ്ട്. 2021-ൽ ചെപ്പോക്കിൽ അവസാനം കളിച്ച മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 106 റൺസാണ് അശ്വിൻ നേടിയിരുന്നത്. ബംഗ്ലാദേശിനെതിരേ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. എട്ടാമനായി ക്രീസിൽ വന്ന് 4 സെഞ്ചുറികൾ നേടിയ ഒരേയൊരു ഇന്ത്യൻ താരമെന്ന ചരിത്രവും ചെപ്പോക്കിൽ പിറന്നു .