ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും നാട്ടില്‍ വെല്ലുവിളിയായി മാറുമ്പോള്‍ പരിഹാരവുമായി ഗൂഗിളെത്തി. AI- ജനറേറ്റുചെയ്ത ചിത്രങ്ങളും മനുഷ്യര്‍ എടുത്ത ചിത്രങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ സര്‍ച്ച് പ്രഖ്യാപിച്ചു. തെറ്റായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയാനായി പ്രമുഖ ബ്രാന്‍ഡുകളുടെ കൂട്ടായ സഹകരണത്തോടെയാണ് ഗൂഗിളിൻ്റെ ഈ നീക്കം.
AI നിര്‍മ്മിച്ച ചിത്രങ്ങള്‍ എങ്ങനെ മനസിലാക്കാം.
ഇമേജുകള്‍ക്കായുള്ള മെറ്റാഡാറ്റയില്‍ ചിത്രത്തിൻ്റെ ഉറവിടം, എവിടെ, എങ്ങനെ സൃഷ്ടിച്ചു തുടങ്ങിയ വിവരങ്ങള്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉള്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ പറഞ്ഞു.
ഈ ലേബലുകള്‍ ഇപ്പോള്‍ സര്‍ച്ച്, ചിത്രങ്ങള്‍, ലെന്‍സ് എന്നിങ്ങനെയുള്ള Google ആപ്പുകളിലുടനീളം കാണാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ‘About this image’ എന്ന ഫീച്ചറില്‍ ക്ലിക്ക് ചെയ്താല്‍, ഒരു ചിത്രം AI സൃഷ്ടിച്ചതാണോ അല്ലെങ്കില്‍ എഡിറ്റ് ചെയ്തതാണോ എന്ന് മനസ്സിലാക്കാം.
AI- ജനറേറ്റഡ് ടെക്സ്റ്റ്, ഇമേജുകള്‍, ഓഡിയോ, വീഡിയോകള്‍ എന്നിവ ഓണ്‍ലൈനില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് Google DeepMind സൃഷ്ടിച്ച SynthID എന്ന വാട്ടര്‍മാര്‍ക്കിംഗ് ടൂളിലും Google പ്രവര്‍ത്തിക്കുന്നു. YouTube ലും ഇത്തരത്തില്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷാവസാനം ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിടും.
ഡീപ്പ് ഫേക്കുകളെ അവസാനിപ്പിക്കുമോ ?
ആളുകളെ കബളിപ്പിക്കാനും അവരുടെ ചിന്താഗതിയില്‍ കൃത്രിമം കാണിക്കാനും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പുതിയ സാങ്കേതികവിദ്യയുടെ അപകടങ്ങളെ തടയാനാണ് ഗൂഗിള്‍ ലേബലുകള്‍ അവതരിപ്പിക്കുന്നത്. ലേബലുകള്‍ പ്രത്യക്ഷപ്പെടുന്നതോടെ യഥാര്‍ത്ഥ വിവരങ്ങള്‍ , ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.