വാഷിങ്ടണ്‍: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം സ്വന്തമാക്കി ധ്രുവി പട്ടേൽ. അമേരിക്കയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർത്ഥിയാണ് ധ്രുവി പട്ടേൽ. ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമാകാനാണ് ആഗ്രഹമെന്ന് ധ്രുവി പറഞ്ഞു.
മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ലഭിച്ചത് അമൂല്യമായ ബഹുമതിയായി ആണ് കരുതുന്നത് എന്ന് ധ്രുവി പട്ടേൽ പ്രതികരിച്ചു. ഇത് വെറുമൊരു കിരീടമല്ല. പകരം, തന്‍റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തിൽ മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള അവസരങ്ങളെയും ആണ് ഈ കിരീടം പ്രതിനിധീകരിക്കുന്നത് എന്നും ധ്രുവി പട്ടേൽ പറഞ്ഞു.
ന്യൂജേഴ്‌സിയിലെ എഡിസണിൽ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം അണിയിച്ചത്. സുരിനാമിൽ നിന്നുള്ള ലിസ അബ്ദുൽഹക്ക് ഫസ്റ്റ് റണ്ണറപ്പായി. നെതർലൻഡിൽ നിന്നുള്ള മാളവിക ശർമ്മയാണ് രണ്ടാം റണ്ണറപ്പ്. മിസിസ് വിഭാഗത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള സുആൻ മൗട്ടെറ്റ് വിജയിയായി. ബ്രിട്ടനിൽ നിന്നുള്ള സ്‌നേഹ നമ്പ്യാർ ഫസ്റ്റ് റണ്ണറപ്പും പവൻദീപ് കൗർ സെക്കന്‍റ് റണ്ണറപ്പും ആയി.