ത്രിശൂർ: ത്രിശൂർ പൂരം കലക്കിയ സംഭവത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആരോപണമുയർത്തി സിപിഐ നേതാവ് സുനിൽ കുമാർ. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. എന്നാൽ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോർട്ട് പൂഴ്ത്തി എന്നുമാണ് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സുനിൽ കുമാർ വെളിപ്പെടുത്തുന്നത്. അന്വേഷണം മുക്കിയാൽ പലതും വെളിപ്പെടുത്തേണ്ടി വരുമെന്നും സുനിൽ കുമാർ മുന്നറിയിപ്പ് നൽകി.
അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ ദേവസ്വങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നതായും എന്നാൽ അങ്ങനെ ഒരു അന്വേഷണം നടന്നതായി അറിവില്ലെന്ന വാർത്തകളാണ് പൊലീസ് ഹെഡ് കോർട്ടേഴ്സിൽ നിന്ന് പുറത്തുവരുന്നതെന്നും വിഎസ് സുനിൽകുമാർ വിമർശിച്ചു. ദേവസ്വങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് മറച്ചുവെക്കുകയാണ് പൊലീസ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്വേഷണം നടന്നിട്ടില്ലെങ്കിൽ എന്തിനാണ് മൊഴി രേഖപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ പ്രകാരം അപേക്ഷ നൽകുമെന്നും വിഎസ് സുനിൽകുമാർ വ്യക്തമാക്കി.
രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുനിൽകുമാർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇത് പരോക്ഷമായി മുഖ്യമന്ത്രി പിണറായിക്ക് നേരെയാണ് നീളുന്നത് എന്ന ബോധ്യത്തോടെ തന്നെയാണ് അദ്ദേഹം ആരോപണം ഉയർത്തുന്നതും. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ എഡിജിപി അജിത് കുമാറിനും പൂരം കലക്കിയതിൽ പങ്കുണ്ടെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത് ബിജെപി സിപിഎം ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപണവും ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ആരോപണം ഉന്നയിച്ച് എൽഡിഎഫ് ഘടക കക്ഷി കൂടിയായ സിപിഐയുടെ പ്രമുഖ നേതാവും രംഗത്ത് വരുന്നത്.
പൂരം കലക്കിയത് യാദൃച്ഛികമാണെന്ന് പറയാന്‍ കഴിയില്ലെന്നും അതിൻ്റെ ഗുണഭോക്താക്കളാകും പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഇത് സിപിഎം-ബിജെപി രഹസ്യ സഖ്യത്തെ കൂടി പരോക്ഷമായി വിമർശിക്കുന്ന നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണപക്ഷ എംഎൽഎ പിവി അൻവർ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണ പരമ്പര നടത്തിയതിന് പിന്നാലെയാണ് ഘടക കക്ഷി നേതാവും രംഗത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്.