ഫുട്‌ബോളിനെ അകമഴിഞ്ഞ് പ്രണയിക്കുന്ന ഫുട്‌ബോള്‍ പ്രേമികളുടെ നാടാണ് കേരളം. റോഡിലും വയലിലും മൈതാനങ്ങളിലും നടത്തുന്ന ചെറിയ ചെറിയ ഫുട്‌ബോള്‍ മത്സരങ്ങള്‍ പോലും ഉത്സവമാക്കി മാറ്റുന്ന മനുഷ്യരുടെ നാട്. നെയ്മറിൻ്റെ ബ്രസീലും മെസ്സിയുടെ അര്‍ജൻ്റീനയും റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്ലിനോടുമെല്ലാമുള്ള ഫുട്‌ബോള്‍ ആരാധന ഈ നാട്ടിലെ ബാനറുകളുടെയും ഫ്‌ളക്‌സുകളുടെയും കണക്കെടുത്താല്‍ മനസ്സിലാവും. ഈ ആരാധനയ്ക്കപ്പുറത്തേക്ക് കായിക കേരളം വളര്‍ന്നില്ലെന്നത് മറ്റൊരു സത്യവും.
കുറച്ചുനാളുകളായി കേരളത്തിൻ്റെ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അര്‍ജൻ്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ സൗഹൃദ മത്സരം കളിപ്പിക്കാനുള്ള ചൂടേറിയ ചര്‍ച്ചയിലാണ്. 100 കോടിയിലധികം ചെലവ് വരുമെന്നാണ് മന്ത്രി പറയുന്നത്.
ആ 100 കോടി കൊണ്ട് കേരളംമാറുമോ? കേരളത്തിലെ കായിക സാഹചര്യം മെച്ചപ്പെടുമോ?
” കേരളത്തില്‍ കളിക്കാന്‍ കഴിയുന്ന ഒറ്റ സ്ഥലമേയുള്ളൂ അത് കൊച്ചിയാണ്” കേരളത്തിലെ കായിക മന്ത്രിയുടെ വാക്കുകളാണിത്. നല്ല സ്റ്റേഡിയങ്ങളും അത്യാധുനിക സൗകര്യങ്ങളും മെച്ചപ്പെടുത്താനും നിലനിര്‍ത്താനും കേരളം ഇനിയും വളരേണ്ടതുണ്ട്. ചെറുതും വലുതുമായ സ്റ്റേഡിയങ്ങള്‍ നിരവധിയുള്ള ഇവിടെ അതൊന്നുണരാനും വൃത്തിയാക്കാനും ഏതെങ്കിലും കായിക മത്സരങ്ങള്‍ നടക്കണം. പുല്ലും കാടും പിടിച്ച് നശിച്ചു കൊണ്ടിരിക്കുന്ന സ്റ്റേഡിയങ്ങള്‍ നമുക്ക് അപരിചിതമല്ല.
താഴിട്ടു പൂട്ടിയ മൈതാനങ്ങള്‍
പ്രൈവറ്റ് ടര്‍ഫുകള്‍ സ്വന്തം ചെലവില്‍ വാടകയ്ക്ക് എടുത്താണ് ഇന്ന് പലരും പരിശീലനം നടത്തുന്നത്. ഇതേ സംവിധാനങ്ങളാണ് കായിക മേഖലയില്‍ നമ്മള്‍ പിന്തുടരുന്നതെങ്കില്‍ വളര്‍ന്നു വരാനുള്ള തലമുറയ്ക്ക് ലഭിക്കുന്ന പരിഗണനയും അടിസ്ഥാന സൗകര്യങ്ങളും വളരെ ദയനീയമായിരിക്കും. മൈതാനങ്ങളില്‍ പുല്ലു വളരാന്‍ തുടങ്ങിയപ്പോള്‍ പരിശീലിപ്പിക്കാന്‍ വന്‍ തുകയാണ് ഡൊണേഷനായും ഫീസായും അക്കാദമികള്‍ ചോദിക്കുന്നത്.
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ ..
ഈ അടുത്താണ് പി.ടി ക്ലാസുകള്‍ക്ക് പകരം കണക്ക്, സയന്‍സ് ക്ലാസുകള്‍ എടുക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് വന്നത്. എന്നാല്‍ ഇത് സ്‌കൂളുകള്‍ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. 500 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്നതാണ് നിലവിലെ ചട്ടം. നിലവില്‍ യുപി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പിടി അധ്യാപകരുള്ളത്. ഹയര്‍ സെക്കന്‍ഡറിയും എല്‍ പി വിഭാഗവും കായിക കരിക്കുലത്തിന് പുറത്താണ്. കേരളത്തില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് കായികാധ്യാപകരാണ് ബിപിഎഡ് പോലുള്ള പരിശീലന കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയാലോ ഇവരുടെ നിയമനവും കൃത്യമായി നടക്കുന്നുമില്ല.
താരങ്ങളെ ആദരിക്കാന്‍ തമ്മിലടി
രാജ്യത്തെ കായിക മേഖലയുടെ നട്ടെല്ലെന്നും ‘കായികതാരങ്ങളുടെ ഫാക്ടറി ‘എന്നും വിളിപ്പേരുള്ള കേരളത്തിൻ്റെ പാരമ്പര്യമാണ് ഈ മണ്ണില്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. മെഡല്‍ നേടുന്ന നിമിഷം തന്നെ മറ്റു സംസ്ഥാനങ്ങള്‍ അത്ലറ്റുകള്‍ക്ക് ജോലിയും കോടികളും പ്രഖ്യാപിക്കുമ്പോള്‍ , കേരളത്തിൻ്റെ അഭിമാനമായ താരത്തെ ആദരിക്കാന്‍ തമ്മിലടിക്കുന്ന ജനപ്രതിനിധികള്‍ കാരണം ചടങ്ങുകള്‍ മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ്.
കേരളത്തിലെ കായിക സാഹചര്യം ഇനിയും എത്രയോ വളരാന്‍ ഉണ്ട്. അര്‍ജൻ്റീനയുടെ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ കേരളത്തില്‍ വന്നതുകൊണ്ട് മാറ്റങ്ങള്‍ സാധ്യമാകുമോ എന്നത് വലിയൊരു ചോദ്യമാണ്. ലോകത്തെ മൂന്നില്‍ ഒരുഭാഗം അര്‍ജൻ്റീന ഫുട്‌ബോള്‍ ആരാധകര്‍ ഉള്ളത് ഇന്ത്യയിലാണ്, പ്രത്യേകിച്ച് കേരളത്തില്‍ വിനോദത്തിനും പേരിനു പ്രശസ്തിക്കും വേണ്ടി മാത്രമാണ് ഇത്ര വലിയ തുക ചെലവിട്ടുള്ള ഈ നീക്കമെങ്കില്‍ അത് കേരളത്തോട് ചെയ്യുന്ന ക്രൂരതയാവും.
ഇവിടെയും വളരണം മെസ്സിയും ഛേത്രിയും പെലയും മറഡോണയും നെയ്മറുമെല്ലാം. അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനും, കായിക മേഖലയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പഠിക്കാനും പൊതു സംവിധാനങ്ങള്‍ മുന്നോട്ടുവരണം.