KeralaNews

‘ഇടതുപക്ഷത്തിന്‍റെ കൈയില്‍ മാസശമ്പളം കൊടുക്കേണ്ട കാര്യമില്ല’: രമേശ് ചെന്നിത്തലക്കെതിരെ കെ. സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനത്തിനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പരസ്യമായി രംഗത്ത്.

ഇടതുപക്ഷത്തിന്റെ കയ്യിൽ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും, സർക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്‌ പാർട്ടിക്ക് പണം സ്വരൂപിക്കാൻ അതിന്റെതായ ഫോറം ഉണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നൽകേണ്ടതെന്നും രമേശ് ചെന്നിത്തല ചെയ്യുന്നത് ശരിയല്ലെന്നുമാണ് കെ. സുധാകരന്റെ നിലപാട്.

വയനാട് ദുരന്തത്തിനിരയാവർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎല്‍എ എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നൽകുമെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഇന്നലെ അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്ത ഭൂമിയിൽ നിന്നുള്ള തേങ്ങലുകൾ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. നാം ഓരോരുത്തരും നമ്മളാൽ കഴിയാവുന്ന സഹായങ്ങൾ നൽകി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും, സഹോദരങ്ങളെയും ചേർത്തുപിടിക്കണമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സംഘടനാ അധ്യക്ഷൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *