തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയതായി പരാതി. ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ബ്രൂക്ക്പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ദമ്പതികളും മകനും നടത്തുന്ന റിക്രൂട്ട്മെൻഡ് കമ്പനി അഞ്ച് കോടിയോളം രൂപ തട്ടിയെന്നാണ് ആരോപണം. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡോൾസി ജോസഫൈൻ സജു, ഇവരുടെ ഭർത്താവ് സജു, മകൻ രോഹിത് സജു എന്നിവർ ചേർന്നാണ് സ്ഥാപനം നടത്തുന്നത്. വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സ്ഥാപനം പരസ്യം നൽകിയിരുന്നു. തുടർന്നാണ്, യുവാക്കൾ കമ്പനിയെ സമീപിച്ചത്. വിസ പ്രൊസസിങ് ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് ഇവരിൽനിന്ന് പണവും വാങ്ങി. 43 യുവാക്കളാണ് നിലവിൽ പരാതി സമർപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ, നൂറോളം പേർ തട്ടിപ്പിനിരയായതായും പറയുന്നുണ്ട്.
ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ടുവന്നത്. പണത്തിനായി സമീപിക്കുമ്പോൾ ഉടമകൾ ഫോണെടുക്കുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്. ഉടമകൾ സ്ഥലത്തുണ്ടോ എന്നും അറിവില്ല. 2.5 ലക്ഷം മുതൽ 10 ലക്ഷം വരെ യുവാക്കളിൽനിന്ന് വാങ്ങിയിട്ടുണ്ട്. ഒരു വിദ്യാഭ്യാസ യോഗ്യതയും ആവശ്യമില്ലാത്ത ജോലിക്കാണ് ഇവർ ആളുകളെ വിളിച്ചത്. അഭിമുഖവും നടത്തിയിരുന്നില്ല.
സംസ്ഥാനവ്യാപകമായി നടന്ന വൻ വിസ തട്ടിപ്പാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നാണ് പരാതിക്കാരുടെ ആരോപണം. കേരളത്തിലെ എല്ലാ ജില്ലക്കാരിൽനിന്നും ഇവർ പണം വാങ്ങിയിട്ടുണ്ട്. മംഗലാപുരത്തുള്ള ചിലരുടെ പക്കൽ നിന്നും പണം തട്ടിയിട്ടുണ്ട്. 100 പേരിൽ നിന്ന് അഞ്ച് കോടി രൂപയിലധികം ഇവർ തട്ടിയെടുത്തെന്നാണ് ആരോപണം. തട്ടിപ്പിന് ഇരയായവർ എല്ലാം യുവാക്കളാണ്. കാനഡയ്ക്ക് വിസ നൽകാം എന്നാണ് പറഞ്ഞിരുന്നത്. ഇവർക്ക് യാതൊരുവിധ ലൈസൻസുകളും ഇല്ലെന്നും പരാതിക്കാർ പറയുന്നു.
അതേസമയം, സ്ഥാപനം തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് പരാതിക്ക് പിന്നിലെന്ന് സ്ഥാപന ഉടമ ഡോൾസി ജോസഫൈൻ സജു ആരോപിച്ചു. പരാതി സമർപ്പിച്ചവരുമായി നിബന്ധനകളും വ്യവസ്ഥകളും നേരത്തെ സംസാരിച്ചിരുന്നു. റിക്രൂട്ട്മെന്റ് വൈകിയതായി സമ്മതിക്കുന്നതായും അവർ പറഞ്ഞു.