വിൽപന കുറഞ്ഞ് കടംപെരുകി; പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ‘ടപ്പർവെയർ’ കോടതിയിൽ

സാമ്പത്തിക പരാധീനതകളിൽനിന്ന് കരകയറാനാവാതെ യു.എസ് കോടതിയിൽ പാപ്പരത്ത സംരക്ഷണത്തിനായി ഹർജി ഫയൽ ചെയ്ത് വിഖ്യാത ഫുഡ് സ്റ്റോറേജ്, ഹോംവെയർ നിർമാതാക്കളായ ‘ടപ്പർവെയർ’. അടുക്കളകളിലെ ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങളുടെ പര്യായമായി മാറിയ ടപ്പർവെയർ ബ്രാൻഡുകൾ, സംരക്ഷണത്തിനായി

tappare were

വാഷിംങ്ടൺ: സാമ്പത്തിക പരാധീനതകളിൽനിന്ന് കരകയറാനാവാതെ യു.എസ് കോടതിയിൽ പാപ്പരത്ത സംരക്ഷണത്തിനായി ഹർജി ഫയൽ ചെയ്ത് വിഖ്യാത ഫുഡ് സ്റ്റോറേജ്, ഹോംവെയർ നിർമാതാക്കളായ ‘ടപ്പർവെയർ’. അടുക്കളകളിലെ ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങളുടെ പര്യായമായി മാറിയ ടപ്പർവെയർ ബ്രാൻഡുകൾ, വിൽപനക്കുറവിനോടും വിപണിയിലെ മത്സരത്തോടും വർഷങ്ങളായി മല്ലിട്ടതിനുശേഷമാണ് പാപ്പരത്ത സംരക്ഷണത്തിനായി ഡെലാവെയറിലെ ഡിസ്ട്രിക്റ്റ് കോടതിയെ സമീപിച്ചത്.

ഫ്ലോറിഡയിലെ ഒർലാൻഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നു. കോവിഡ് മഹാമാരിയും പിന്നീടുണ്ടായ ഉക്രെയ്‌ൻ യുദ്ധവുമെല്ലാം സാരമായി ബാധിച്ചതായി പ്രസിഡന്‍റും സി.ഇ.ഒയുമായ ലോറി ആൻ ഗോൾഡ്‌മാൻ പറഞ്ഞു. 2021​ന്‍റെ മൂന്നാം പാദം മുതൽ വിൽപനയിൽ വലിയ ഇടിവ് രേഖപ്പെടുത്തി.

രസതന്ത്രജ്ഞനായ ഏൾ ടപ്പർ ആണ് 1940കളിൽ ‘ടപ്പർവെയർ’ ബ്രാൻഡ് അവതരിപ്പിച്ചത്. വായു കടക്കാത്ത പാത്രങ്ങൾ നിർമിക്കുന്നതിനായി വൃത്തിയുള്ളതും ഗുണമേൻമയുള്ളതുമായ പ്ലാസ്റ്റിക് അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇതി​ന്‍റെ ‘എയർടൈറ്റ് സ്വഭാവം’ സ്കൂളുക​ളിലേക്കുള്ള ഭക്ഷണപാത്രങ്ങളിൽ വഴിത്തിരിവായി. ഈ ബ്രാന്‍റ് അമേരിക്കൻ അടുക്കളകളിലേക്ക് ഒഴുകി. നേരിട്ടുള്ള വിൽപന പ്രചാരണത്തി​ന്‍റെ ചുവടുപിടിച്ചാണ് ഇവ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ടത്. എന്നാൽ, ആ രീതി തന്നെ അതി​ന്‍റെ ബലഹീനതയായി. വൈവിധ്യമാർന്ന വിൽപന തന്ത്രം വികസിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. കഴിഞ്ഞ കുറേ വർഷങ്ങളായി ആഗോളതലത്തിൽ വളർന്നുവന്ന ‘മാക്രോ ഇക്കണോമിക് അന്തരീക്ഷം’ വെല്ലുവിളി ഉയർത്തിയതായി കമ്പനി കുറ്റപ്പെടുത്തുന്നു.

‘ആദ്യ നാളുകളിൽനിന്ന് തികച്ചും വ്യത്യസ്തമായി ‘ടപ്പർവെയർ’ എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. എന്നാൽ, കുറച്ച് ആളുകൾക്കേ അത് എവിടെ കണ്ടെത്താണെന്നതറിയൂ -കമ്പനിയുടെ ചീഫ് റീസ്ട്രക്ചറിംഗ് ഓഫിസർ ബ്രയാൻ ജെ. ഫോക്സ് കോടതിക്കുള്ള ഫയലിൽ എഴുതി. 2022ൽ മാത്രമാണ് കമ്പനി ആമസോണിൽ ഇത് വിൽക്കാൻ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടപ്പർവെയറിനും അനുബന്ധ സ്ഥാപനങ്ങൾക്കുമായി 500 ദശലക്ഷം ഡോളർ മുതൽ ഒരു കോടി ഡോളർ വരെ ആസ്തികളും ഒരു കോടി ഡോളർ മുതൽ 10 കോടി ഡോളർ വരെ കടവും ഉള്ളതായി ഫയലിൽ പറയുന്നു. യു.എസിലെ സൗത് കരോലിനയിൽ അവശേഷിക്കുന്ന ഏക നിർമാണ പ്ലാന്‍റ് അടച്ചുപൂട്ടുകയാണെന്നും ജനുവരിയോടെ അവിടെയുള്ള 148 ജീവനക്കാരെ പിരിച്ചുവിടുമെന്നും ടപ്പർവെയർ കഴിഞ്ഞ ജൂണിൽ പറഞ്ഞിരുന്നു. പാപ്പരത്ത കേസിൽ കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായാൽ വിൽപന സുഗമമാക്കുന്നതിനും പ്രവർത്തനം തുടരുന്നതിനും കഴിയു​മെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments