പോണ്ടിംഗ് ഇനി പഞ്ചാബിൻ്റെ ആശാന്‍ : കരാര്‍ 2028 വരെ

പഞ്ചാബ് കിംഗ്സ്ൻ്റെ മുഖ്യ കോച്ചാകാന്‍ നാലു വർഷത്തെ കരാറില്‍ റിക്കി പോണ്ടിംഗ് ഐപിഎല്ലിലേക്ക് തിരിച്ചെത്തും

Ricky Ponting New Coach Of Punjab Kings
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ റിക്കി പോണ്ടിംഗ്

വരാനിരിക്കുന്ന ഐപിഎല്ലില്‍ കിരീടം ചൂടാന്‍ പോണ്ടിംഗിനെ കോച്ചായി ഉറപ്പിച്ച് പഞ്ചാബ് കിംഗ്‌സ്. ഡെല്‍ഹി ക്യാപിറ്റല്‍സ് കോച്ച് പദവി രാജിവച്ച് ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഔദ്യോഗിക നിയമനം. പോണ്ടിംഗിൻ്റെ പഞ്ചാബിലേക്കുള്ള നീക്കം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയതോടെയാണ് പഞ്ചാബ് കിംഗ്‌സ് എക്‌സിലൂടെ കോച്ചായി നിയമിച്ചുള്ള വിവരം പുറത്തുവിട്ടത്.

കന്നിക്കിരീട നേട്ടത്തിനായുള്ള പഞ്ചാബിൻ്റെ നീക്കത്തില്‍ വളരെ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. 49 കാരനായ പോണ്ടിംഗിനെ മെഗാ ലേലത്തിന് മുന്നോടിയായി നിയമിച്ചതിനാല്‍, വിശദവിവരങ്ങള്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

‘പുതിയ ഹെഡ് കോച്ചാകാനുള്ള അവസരം തന്നതിന് പഞ്ചാബ് കിംഗ്സിനോട് ഞാന്‍ നന്ദിയുള്ളവനാണ്. പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്. മുന്നോട്ടുള്ള വഴിയെക്കുറിച്ച് മാനേജ്‌മെന്റുമായും, ടീമുകളുമായും ചര്‍ച്ചകള്‍ നടത്തി. ടീമിന് വേണ്ടിയുള്ള ഞങ്ങളുടെ ആവേശം കണ്ട് ശരിക്കും സന്തോഷിക്കുന്നു.വര്‍ഷങ്ങളായി ഫ്രാഞ്ചൈസിയില്‍ തുടരുന്ന ആരാധകര്‍ക്ക് വിജയം നല്‍കാന്‍ ഞങ്ങള്‍ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നു, പുതിയൊരു പഞ്ചാബ് കിംഗ്‌സിനെ കാണുമെന്ന് ഞാന്‍ വാക്കു തരുന്നെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു.

പോണ്ടിംഗിൻ്റെ ഐപിഎല്‍ ചരിത്രം

മൂന്ന് തവണ ഏകദിന ലോകകപ്പ് ജേതാവായ പോണ്ടിംഗ് അഞ്ച് വര്‍ഷത്തെ ഇടവേളയില്‍ രണ്ട് തവണ മാത്രമാണ് ഐപിഎല്ലില്‍ കളിച്ചത്. 2008-ലെ ഉദ്ഘാടന പതിപ്പില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി കരാര്‍ നടത്തിയ അദ്ദേഹം 2013-ല്‍ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങി. സീസണിൻ്റെ പകുതിയോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. പിന്നീട് അതേ വര്‍ഷം ഫോര്‍മാറ്റുകളിലുടനീളം വിരമിക്കല്‍ പ്രഖ്യാപിച്ചു.

എന്നാല്‍ 2015 ലും 2016 ലും ഹെഡ് കോച്ചായി സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് 2014 ല്‍ ഒരു ഉപദേശക റോളില്‍ മുംബൈ ടീമില്‍ എത്തിയിരുന്നു. 2018-ല്‍, ഡല്‍ഹി ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കപ്പെടുകയും 2019-നും 2021-നും ഇടയില്‍ തുടര്‍ച്ചയായി മൂന്ന് പ്ലേഓഫ് യോഗ്യതകളിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു.അതില്‍ 2020-ലെ ഫൈനലിലേക്കുള്ള കന്നി പോരാട്ടവും ഉള്‍പ്പെടുന്നു. ഒടുവില്‍ 2024 ജൂലൈയില്‍ പരിശീലന സ്ഥാനം ഒഴിഞ്ഞു.

കന്നിക്കിരീടത്തിനായി പഞ്ചാബ്‌

കഴിഞ്ഞ ഏഴ് സീസണുകളിലായി പഞ്ചാബിൻ്റെ ആറാമത്തെ മുഖ്യ പരിശീലകനാണ് പോണ്ടിംഗ്. ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് ഫ്രാഞ്ചൈസി പ്ലേഓഫിലെത്തിയത്, കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മികച്ച പ്രകടനമൊന്നും പഞ്ചാബിന് കാഴ്ച്ചവെക്കാനായില്ല. 2024ല്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു.പോണ്ടിംഗിന്റെ ഏറ്റവും വലിയ ചുമതല പഞ്ചാബ് കിംഗ്‌സ് അടുത്തതായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ ഗ്രൂപ്പിനെ തിരഞ്ഞെടുക്കുക എന്നതാണ്.

പഞ്ചാബിന് വേണ്ടി, കഴിഞ്ഞ സീസണില്‍ രണ്ടാം തവണയും പര്‍പ്പിള്‍ ക്യാപ്പ് നേടിയ ഹര്‍ഷല്‍ പട്ടേല്‍, ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ്മ എന്നിവരുടെ അണ്‍കാപ്പ്ഡ് പവര്‍ ഹിറ്റിംഗ് ജോഡികളാണ് നിലവില്‍ ടീമില്‍ ഉള്‍പ്പെടുന്നത്. അര്‍ഷ്ദീപ് സിംഗ്, കഴിഞ്ഞ സീസണില്‍ ഏതാനും മത്സരങ്ങളില്‍ ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ജിതേഷ് ശര്‍മ്മ എന്നിവരും,ഇംഗ്ലണ്ടിന്റെ സാം കറാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജോണി ബെയര്‍‌സ്റ്റോ, ദക്ഷിണാഫ്രിക്കന്‍ ക്വിക്ക് കാഗിസോ റബാഡയും പിബികെഎസിനുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments