ഡല്‍ഹി; തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വര്‍ഷവും വില്‍പ്പനയ്ക്ക് വയ്ക്കുന്നു. പ്രധാനമന്ത്രി തന്നെയാണ് ഇ-ലേലത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച വസ്തുക്കളാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2024ലെ പാരാലിമ്പ്ക്‌സ് ഗെയിംസിലെ അതി മനോഹരമായ ശില്‍പ്പങ്ങള്‍, പരമ്പരാഗതവും പ്രാദേശികവുമായ കലാരൂപങ്ങള്‍, തദ്ദേശീയമായ കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പടെ ഏകദേശം 600 ലധികം ശ്രദ്ധേയവും വിശേഷവുമായ വസ്തുക്കളാണ് പ്രധാനമന്ത്രി ലേലം ചെയ്യുന്നത്.
താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് അദ്ദേഹത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാനും പങ്കെടുക്കാനും സാധിക്കും. “എല്ലാ വര്‍ഷവും പൊതുപരിപാടികളില്‍ എനിക്ക് ലഭിക്കുന്ന വിവിധ മൊമന്റോകളും സമ്മാനങ്ങളും ഞാന്‍ ലേലം ചെയ്യാറുണ്ട്. ഈ വര്‍ഷത്തെ ലേലത്തെക്കുറിച്ച് നിങ്ങളോട് പങ്കുവയ്ക്കുന്നതിതില്‍ ഞാന്‍ സന്തോഷവാനാണെന്ന്” അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം നമാമി ഗംഗേ പദ്ധതിക്കാണ്. ഗംഗാനദിയുടെ മലിനീകരണം പരിഹരിക്കുന്നതിനും നദിയെ പരിപോഷിപ്പിക്കുന്നതിനുമായിട്ടുള്ള ദൗത്യമാണ് നമാമി ഗംഗേ പദ്ധതി. സെപ്റ്റംബര്‍ 17ന് ആരംഭിച്ച ഇ-ലേലം ഒക്ടോബര്‍ രണ്ട് വരെ തുടരും.