ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബിജെപി പദ്ധതി ഇന്ത്യൻ ഫെഡറലിസത്തെ തകർക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇത് ബിജെപിയുടെ ഈഗോ തൃപ്തിപ്പെടുത്താനുള്ള നീക്കമാണെന്നും ഇന്ത്യയിൽ നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇത്തരം വഴിതിരിച്ചുവിടൽ തന്ത്രങ്ങളിൽ ഊർജ്ജം പാഴാക്കുന്നതിന് പകരം രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റതെരഞ്ഞെടുപ്പ് എന്നത് അപ്രായോഗികമായ ഒരു നിർദേശമാണെന്നും പ്രാദേശിക വിഷയങ്ങൾ, തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൻ്റെ സങ്കീർണ്ണത, ഭരണപരമായ മുൻഗണന തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കുമ്പോൾ ഇത് നടപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് സംബന്ധിച്ച് രാം നാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പശ്ചാത്തലത്തിലാണ് തമിഴ് നാട് മുഖ്യമന്ത്രി പ്രതികരിച്ചത്.
കേരളവും ഇക്കാര്യത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ‘സംഘപരിവാർ അജണ്ട’ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒറ്റതെരഞ്ഞെടുപ്പ് നീക്കത്തെ വിമർശിച്ചത്.