മണ്ണിടിച്ചിൽ ഭീഷണി : വയനാട് കളക്ടർ ഔദ്യോഗിക വസതിയൊഴിയുന്നു

മണ്ണിടിച്ചിൽ സാധ്യതയെത്തുടർന്ന് വയനാട് കളക്ടർ ഔദ്യോഗിക വസതിയൊഴിയുന്നു

കളക്ടർ ഡി ആർ മേഘശ്രീ

കല്പറ്റ : മണ്ണിടിച്ചിൽ സാധ്യതയെത്തുടർന്ന് വയനാട് കളക്ടർ ഔദ്യോഗിക വസതിയൊഴിയുന്നു. ദേശീയപാതയോടുചേർന്ന് ഓണിവയലിലുള്ള വീടാണ് അപകടസാധ്യത മുൻനിർത്തി കളക്ടർ ഡി ആർ മേഘശ്രീ ഒഴിയുന്നത്. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ കളക്ടറുടെ ഔദ്യോഗികവസതിക്ക് പുറകുവശത്ത് വലിയതോതിൽ മണ്ണിടിഞ്ഞിരുന്നു. അഞ്ചുദിവസത്തോളം കളക്ടർ മാറി താമസിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ജില്ലാ ദുരന്തനിവാരണ വിഭാഗവും ജിയോളജിസ്റ്റ്, മണ്ണുസംരക്ഷണ ഓഫീസർ തുടങ്ങിയവരും സ്ഥലം പരിശോധിച്ച് വസതിയൊഴിയണമെന്ന് ആവശ്യപ്പെട്ടത്. നിർദേശം ലഭിച്ചതിനെ തുടർന്ന് കളക്ടർ ഔദ്യോഗിക വസതിയൊഴിയുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു.

അതേസമയം, സിവിൽസ്റ്റേഷൻ പരിസരത്ത് എസ്.പി. ഓഫീസ്, ഗസ്റ്റ്‌ഹൗസ് എന്നിവയോടുചേർന്നുള്ള 20 സെന്റ് സ്ഥലത്ത് പുതിയ ഔദ്യോഗിക വസതി നിർമിക്കാനാണ് ആലോചിക്കുന്നത്. നിലവിലെ ഔദ്യോഗികവസതിയുടെ അതേ സൗകര്യങ്ങളോടെ മൂവായിരത്തിലധികം ചതുരശ്രയടി വിസ്തീർണത്തിലായിരിക്കും ഔദ്യോഗിക വസതി നിർമിക്കുക. കളക്ടറുടെ ഓഫീസ് മുറി, ഗൺമാനുള്ള മുറികൾ, മൂന്നു ബെഡ്‌റൂമുകൾ തുടങ്ങി ആവശ്യമായ സൗകര്യങ്ങളോടെയായിരിക്കും നിർമാണം.

അതേസമയം, കളക്ടറുടെ ഔദ്യോഗിക വസതിക്ക് പുറകുവശത്തുള്ള കുന്നിടിച്ച് 2023-ൽ അനുമതി ലഭിച്ചതിലും കൂടുതൽ അളവിൽ മണ്ണെടുത്തെന്ന് ആരോപണമുയർന്നിരുന്നു. അശാസ്ത്രീയമായ മണ്ണെടുപ്പാണ് നടന്നതെന്ന് അന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഇതിനുശേഷമാണ് കനത്തമഴ പെയ്യുമ്പോൾ മണ്ണിടിയാൻ തുടങ്ങിയത്. 2023 ഒക്ടോബറിലായിരുന്നു ജിയോളജിസ്റ്റ് നൽകിയ അനുമതിയെ മറികടന്ന് കൂടുതൽ അളവിൽ മണ്ണെടുത്തതെന്ന് ആരോപണമുയർന്നത്. വില്ലേജ് ഓഫീസർ വിഷയത്തിൽ തഹസിൽദാർക്ക് റിപ്പോർട്ടും നൽകിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments