പങ്കാളിത്ത പെൻഷൻ: പരിശോധനാ സമിതി പിരിച്ചുവിടണമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ

സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന്

Kerala government secretariat

പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധന സമിതിയുടെ റിപ്പാേർട്ട് പരിശോധിക്കുന്നതിനായി സർക്കാർ നിയോഗിച്ച ധനകാര്യ വകുപ്പ് മന്ത്രി, നിയമവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ അംഗങ്ങളായ സമിതി ഉടൻ പിരിച്ചുവിട്ട് സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. രൂപീകരിച്ച് പത്ത് മാസമായിട്ടും സമിതിയുടെ ഒരു യോഗം പോലും ചേർന്നിട്ടില്ല.

പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് . അതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച എസ്. സതീഷ് ചന്ദ്രബാബു സമിതി പങ്കാളിത്ത പെൻഷനിൽ നിന്നും പിൻമാറുന്നതിന് നിയമപരമായ തടസങ്ങളില്ലെന്ന് ശുപാർശ ചെയ്തിരുന്നു. അതിൻമേൽ തീരുമാനമെടുക്കാതെ വീണ്ടും പരിശോധനാ സമിതിയെ നിയോഗിച്ചത് സർക്കാരിന് പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു പോകുന്നതിന് താൽപര്യമില്ലാത്തതിനാലാണ്. പങ്കാളിത്ത പെൻഷൻകാർക്ക് ഏറ്റവും കുറച്ച് ആനുകൂല്യം നൽകുന്ന സംസ്ഥാനം കേരളമാണ്. എൻ പി എസിൽ കേന്ദ്ര വിഹിതം 14% ആണെങ്കിൽ സംസ്ഥാനത്ത് അത് 10% മാത്രമാണ്. കേരളത്തിൽ എല്ലാ തൊഴിൽ നിയമങ്ങളും അട്ടിമറിച്ച് ഗ്രാറ്റുവിറ്റിയും നിഷേധിക്കുന്നു.

പരിശോധനാ സമിതിയിലെ ഒരംഗം സർവീസിൽ നിന്നു തന്നെ വിരമിച്ചു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പുതിയ പെൻഷൻ പദ്ധതി ജീവനക്കാർക്ക് സ്വീകാര്യവുമല്ല. ജീവനക്കാരുടെ വിഹിതം നിഷ്കർഷിക്കുന്ന ഏത് പഡതിയെയും ജീവനക്കാർ എതിർക്കും.രാജ്യത്തെ കോൺഗ്രസ് ഭരിക്കുന്ന മിക്കവാറും സംസ്ഥാനങ്ങൾ പഴയ പെൻഷൻ സമ്പ്രദായം സ്വീകരിച്ചുകഴിഞ്ഞു. പ്രത്യയശാസ്ത്രപരമായി എൽ ഡി എഫ് സർക്കാരിന് എന്തായാലും പുതിയൊരു പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാനാവില്ല. അതിനാൽ തന്നെ പരിശോധനാ സമിതി തുടരുന്നത് അർത്ഥശൂന്യമാണ്.

ഈ സാഹചര്യത്തിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു പോകാൻ ഇനിയും കേരളത്തിലെ എൽ ഡി എഫ് സർക്കാർ അമാന്തം കാണിക്കരുതെന്ന്
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും അഭിപ്രായപ്പെട്ടു

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments