സിക്‌സറുകള്‍ക്ക് 17 വയസ്സ് ; ടി20 ലോകകപ്പില്‍ യുവരാജ് എഴുതിയ ചരിത്രം

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ആദ്യമായാണ് ഒരോവറിലെ മുഴുവന്‍ പന്തുകളും സിക്‌സര്‍ നേടുന്നത്.

2007 icc world cup
യുവരാജ് സിംഗും ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡും മത്സരത്തിനിടയില്‍

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച യുവിയുടെ വെടിക്കെട്ട് പിറന്നത്. 2007 സെപ്തംബര്‍ 19 ന്, ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 ലോകകപ്പിൻ്റെ ഉദ്ഘാടന പതിപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഹൈ-വോള്‍ട്ടേജ് പോരാട്ടം. ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് സ്റ്റുവര്‍ട്ട് ബ്രോഡിൻ്റെ പന്തില്‍ ആറ് സിക്‌സറുകള്‍ പറത്തി .

ഡര്‍ബനിലെ കിംഗ്സ്മീഡില്‍ ഒരു ജനക്കൂട്ടം മുഴവന്‍ അമ്പരന്ന ആ ദിനം ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല. ആ ചരിത്ര നിമിഷത്തെ ഓര്‍ത്തുകൊണ്ട് യുവരാജ് സിംഗ് അന്നത്തെ വീഡിയോ സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ചു. ” രാജ്യത്തെ പ്രതിനിധീകരിക്കാനും ഇതുപോലുള്ള നിമിഷങ്ങള്‍ക്കുമൊക്കെ എക്കാലവും നന്ദിയുള്ളവനായിരിക്കുമെന്നും പറഞ്ഞു.

യുവിയുടെ തകര്‍പ്പന്‍ വെടിക്കട്ട്

കിവീസിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ ഗംഭീറും (58), സെവാഗും (68) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. റോബിന്‍ ഉത്തപ്പ പുറത്തായ ശേഷം 17-ാം ഓവറിലാണ് യുവി ക്രീസിലെത്തുന്നത്. അപ്പോള്‍ സ്‌കോര്‍ 171.

18-ാം ഓവര്‍ ബൗള്‍ ചെയ്ത ഫ്‌ളിന്റോഫിനെതിരേ യുവി തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ നേടി. ഇതോടെ ഫ്‌ളിന്റോഫ് പ്രകോപനപരമായി യുവിക്കു നേരെ വന്നു. യുവിയും വിട്ടുകൊടുക്കാതിരുന്നതോടെ അതൊരു വാക്കേറ്റമായി. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് തമ്മിലടി അവസാനിപ്പിച്ചത്.

എന്നാല്‍ യുവി അതിലൊന്നും നിര്‍ത്താന്‍ തയാറായില്ല. പിന്നീട് ഗാലറി കണ്ടത് പാഞ്ഞെത്തുന്ന പന്തുകളായിരുന്നു. അന്ന് 19-ാം ഓവര്‍ എറിയാനെത്തിയത് കൗമാരക്കാരന്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഫ്‌ളിന്റോഫിനോടുള്ള ദേഷ്യം ബാറ്റിലൂടെ പുറത്തുവന്നു. ശേഷം ആ ഓവറിലെ ആറു പന്തുകളും ഗാലറിയില്‍ പതിച്ചു. വെറും 12 പന്തില്‍ നിന്ന് യുവിക്ക് അര്‍ധ സെഞ്ചുറി, ഒപ്പം റെക്കോഡും.

16 പന്തില്‍ ഏഴു സിക്‌സും മൂന്ന് ബൗണ്ടറികളുമടക്കം 58 റണ്‍സുമായി യുവി അവസാന ഓവറിലെ അഞ്ചാം പന്തില്‍ മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാലിന് 218 റണ്‍സിലെത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ 200/6 എന്ന നിലയില്‍ ഒതുങ്ങി, ഇന്ത്യക്ക് 18 റണ്ണിൻ്റെ മനോഹര വിജയവും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments