ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമാർ. മുൻ സി ജെ ഐ കളായ ദീപക് മിശ്ര, രഞ്ജൻ ഗൊഗോയ്, ഷരദ് അരവിന്ദ് ബോബ്ദെ, യുയു ലളിത് എന്നിവരാണ് തങ്ങളുടെ പിന്തുണ രേഖാമൂലം അറിയിച്ചത്.
മുൻ രാഷ്‌ട്രപതി രാംനാഥ് അദ്ധ്യക്ഷനായ ഉന്നതതല സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടിയാലോചനകൾക്കായി സമീപിച്ചപ്പോൾ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമാരിൽ നാല് പേരും ഒറ്റ തെരഞ്ഞെടുപ്പിന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റസുമാരായ മൂന്ന് പേരും മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറും ആശയത്തിന് എതിരാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നിർവഹിച്ചിട്ടുള്ള നാല് പേർ ആശയത്തെ പിന്തുണക്കുകയും ചെയ്തു.
കഴിഞ്ഞ 18-നായിരുന്നു കോവിന്ദ് പാനൽ സമർപ്പിച്ച റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പ്രാരംഭഘട്ടത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്താമെന്നും പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടത്താനും കമ്മിറ്റി നിർദേശിച്ചു.