ഡ്രൈവിംഗ് ടെസ്റ്റ് എണ്ണം കുറച്ച ഗതാഗത വകുപ്പിൻ്റെ പരിഷ്‌കരണം പാളി. ഇപ്പോൾ ടെസ്റ്റിൽ വിജയിക്കുന്നവർ 40 മുതൽ 45 ശ മായി കുറഞ്ഞു. മുൻപ് 100 ശതമാനം വരെ വിജയം ഉണ്ടായിരുന്ന ടെസ്റ്റ് കേന്ദ്രങ്ങളിലും കൂട്ട തോൽവിയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനുള്ള നിർദേശവവുമായി ഗതാഗത വകുപ്പ്. പുതിയ തീരുമാന പ്രകാരം ദിവസേന ഒരു ആർടി ഓഫീസിൽ 80 ടെസ്റ്റ് എന്നത് 25 ശതമാനം കൂട്ടി 100 ആക്കും.
ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷ നൽകി ഡേറ്റിനായി കാത്തിരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. തോൽവി കൂടിയതോടെ രണ്ടാമത് ടെസ്റ്റിനായി അപേക്ഷ നൽകുന്നവരുടെ എണ്ണവും കൂടിയ പശ്ചാത്തലം കൂടി പരിഗണിച്ചാണ് വകുപ്പ് ദിവസേന നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ നിർദേശം നൽകിയതെന്നാണ് വിശദീകരണം. ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പരിഷ്കാരത്തിന് മുമ്പ് കേരളത്തിലെ 17 ആർടി ഓഫീസുകളിലും 69 ജോയിന്റ് ആർടി ഓഫീസുകളിലുമായി 8000 പേർ പങ്കെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 6000 പേരാണ് എത്തുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വരുന്നത്.
പരിഷ്ക്കാരം വന്നതോടെ ലേണേഴ്സിൻ്റെ എണ്ണവും കുറഞ്ഞിരുന്നു. ലേണേഴ്സ് ടെസ്റ്റിൻ്റെ എണ്ണം വർദ്ധിപ്പിക്കാനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. ജോയ്ൻറ്റ് ആർടി ഓഫീസുകളിൽ മുൻകാല അപേക്ഷകൾ ഉൾപ്പെടെ 40 ടെസ്റ്റുകളാണ് നടത്തുന്നത്. ഇതു ഉയർത്താനും നിർദ്ദേശമുണ്ട്. അതേസമയം കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പരിഷ്കരിച്ചതോടെ തമിഴ് നാട്ടിൽ പോയി ലൈസൻസ് എടുത്ത ശേഷം വിലാസം മാറ്റുന്ന പ്രവണത കൂടിയെന്നും റിപ്പോർട്ട് വന്നിരുന്നു.