News

കുടിയേറ്റ നിയന്ത്രണവുമായി കാനഡ; സ്റ്റഡി പെർമിറ്റ് 35 ശതമാനം കുറയ്ക്കും

വിദേശ വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി വിസയിൽ നിയന്ത്രണം ഏർപ്പെടുത്താൻ കാനഡ. ഈ വർഷം 35 ശതമാനം വരെ സ്റ്റഡി വിസ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമേണ രാജ്യത്ത് എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറച്ച് കൊണ്ടുവരാനാണ് പദ്ധതി.

കാനഡയിൽ താത്കാലിക വിസയില് താമസിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം. അടുത്ത വർഷം സ്റ്റഡി വിസ നൽകുന്നത് പത്ത് ശതമാനം കൂടി കുറയ്ക്കുമെന്നും ജസ്റ്റിൻ ട്രൂഡോ എക്സിൽ കുറിച്ചു.

വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങളിലും കാനഡ ഭേദഗതി വരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നടക്കം കാനഡയിലേക്ക് കുടിയേറിയവരെ പുതിയ കുടിയേറ്റനയം സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സാമ്പത്തിക രംഗത്തിന് കുടിയേറ്റം സഹായകരമാണെങ്കിലും അവസരം മുതലെടുക്കുന്നവരുണ്ടെന്നും ട്രൂഡോ പറഞ്ഞു. ഇത് കാനഡയ്‌ക്ക് ഭാവിയിൽ വലിയ തിരിച്ചടി ആകുമെന്ന വിലയിരുത്തലാണ് കുടിയേറ്റ നിയന്ത്രണ നടപടിയിലേക്ക് കടക്കുന്നതെന്നും ട്രൂഡോ വിശദീകരിച്ചു.

കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിൻ്റെ കണക്ക് പ്രകാരം 2023-ൽ മാത്രം 5 ലക്ഷത്തിൽ അധികം പേർക്കാണ് സ്റ്റഡി വിസ നൽകിയത്. 2024 ൽ ആദ്യ ഏഴ് ആഴ്ചകളിൽ മാത്രം 1,75,920 പേർക്കും സ്റ്റഡി പെർമിറ്റ് നൽകി. 2025-ൽ പരമാവധി 4,37,000 സ്റ്റഡി പെർമിറ്റ് അനുവദിച്ചാൽ മതിയെന്നാണ് കാനഡയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *