കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നും മാങ്ങ കഴിച്ച എളേറ്റിൽ വട്ടോളി സ്വദേശിനിയായ ഫാത്തിമയ്‌ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 9കാരിയുടെ ചുണ്ടിൻ്റെ നിറം മാറിയതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചിലെത്തിയതായിരുന്നു ഫാത്തിമയും കുടുംബവും. മാങ്ങ കഴിച്ചതോടെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വീട്ടിൽ എത്തിയതിന് പിന്നാലെ ഛർദ്ദിയും തുടങ്ങി. അവശനിലയിലായതോടെ വട്ടോളി കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം തട്ടുകട അടപ്പിച്ചു.
കടയിലെ ഭക്ഷണ സാധനങ്ങൾ പരിശോധനയ്‌ക്കയച്ചതായും മാങ്ങ ഇട്ടുവച്ചിരുന്ന ലായനിയും പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. കടയുടമ ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് കട നടത്തിപ്പിനായി നൽകിയിരുന്നത്. ഇവർ ലൈസൻസ് ഇല്ലാതെയാണ് കട നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇത് നിയമവിരുദ്ധമായതിനാൽ തുടർ നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.