
മലപ്പുറം : സമൂഹ മാധ്യമത്തിലൂടെ പരിചയത്തിലായി വിളിച്ചുവരുത്തി മർദ്ദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗസംഘത്തെ പിടികൂടി പോലീസ്. ഹണിട്രാപ്പ് സംഘത്തെയാണ് പോലീസ് പിടികൂടിയത്. അരീക്കോട് കാവന്നൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ അൻവർ സാദത്ത് (19), പുത്തലം സ്വദേശി ആഷിക്(18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടിൽ ഹരികൃഷ്ണൻ(18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കാവന്നൂർ സ്വദേശിയായ 26കാരനാണ് ഹണിട്രാപ്പിൽ അകപ്പെട്ടത്. 15കാരന്റെ പേരിലാണ് ഹണിട്രാപ്പിൽ കുരുക്കിയത്. 15 കാരനാണ് പദ്ധതി തയ്യാറാക്കിയത്. കൂടാതെ, 26 കാരനെ സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ടതും. സൗഹൃദം ശക്തമായതോടെ അരീക്കോട് വച്ച് കൗമാരക്കാരനെ കാണാമെന്ന് പറഞ്ഞത്. എന്നാൽ അരീക്കോടെത്തിയ 26കാരനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും പണം തട്ടുകയും ചെയ്തു.
ആദ്യം 20,000 രൂപയും പിന്നീട് 2 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഭീഷണിയ്ക്ക് വഴങ്ങിയ 26കാരൻ ആദ്യം 40,000 രൂപ നൽകി. എന്നാൽ പിന്നീട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് അന്വേഷിച്ചെത്തിയപ്പോൾ കൊടൈക്കനാലിൽ ട്രിപ്പിന് പോയിരിക്കുകയായിരുന്നു സംഘം. ട്രിപ്പ് കഴിഞ്ഞെത്തിയ ഇവരെ പിന്നീട് വലയിലാക്കി. പ്രതികളിൽ മൂന്നുപേരെ വ്യാഴാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കും. മറ്റു രണ്ടുപേരെ പ്രത്യേക കോടതിയിലും ഹാജരാക്കും.