വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കുള്ള പുനരധിവാസ സഹായം കേന്ദ്രസർക്കാർ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് സൂചന. അടുത്ത മാസം പകുതിയോടെ വയനാട്, പാലക്കാട്, ആലത്തൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. അതുകൊണ്ട് തന്നെ വയനാട് സഹായം പ്രഖ്യാപനം വൈകില്ല.
1202 കോടിയാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ആഗസ്തിലെ മഹാമാരിയിൽ കേന്ദ്രധനസഹായമായി കേരളം ആവശ്യപ്പെട്ടത് 4796. 4 കോടിയായിരുന്നു. ഇതിൽ കേന്ദ്ര സഹായമായി 2904.85 കോടി ലഭിച്ചു. അതായത്, ആവശ്യപ്പെട്ടതിൽ 60 ശതമാനത്തോളം തുക പ്രളയത്തിൽ ലഭിച്ചുവെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. 2017 ലെ ഓഖി ദുരന്തത്തിൽ 431 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയത് 111.7 കോടിയായിരുന്നു.
വയനാട് ഉരുള്‍പൊട്ടലില്‍ എസ് ഡി ആർ എഫ്(state disaster response fund) ഇനത്തിൽ 614 .62 കോടിയുടെ നഷ്ടവും നോൺ എസ് ഡി ആർ എഫ്(Non state disaster response fund) ഇനത്തിൽ 587.50 കോടിയുടെ നഷ്ടവും ഉണ്ടായി. 26 കോടിയുടെ വാഹനം ദുരന്തത്തിൽ നഷ്ടപ്പെട്ടു.
നോൺ എസ് ഡി ആർ എഫിന്റെ കീഴിലാണ് നഷ്ടം ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂറിസം മേഖലയിൽ 50 കോടിയുടെ നഷ്ടം, റിയൽ എസ്റ്റേറ്റ് മേഖലയിൽ 36 കോടിയുടെ നഷ്ടം, കൃഷിയെ ആശ്രയിക്കുന്ന മറ്റ് മേഖലകളുടെ നഷ്ടം- 15 കോടി, ടൂറിസത്തെ ആശ്രയിക്കുന്ന മേഖലകളുടെ നഷ്ടം 23 കോടി, സർക്കാർ ആസ്തികൾ നഷ്ടപ്പെട്ടത് 56 കോടി അടക്കം 587.50 കോടി രൂപയുടെ നഷ്ടമാണ് നോൺ എസ് ഡി ആർ എഫ് ഐറ്റം ആയി പ്രൊപ്പോസലിൽ ഇടം പിടിച്ചിരിക്കുന്നത്.