ബയ്‌റുത്ത്: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ചൊവ്വാഴ്ച ലെബനനിൽ വിവിധ ഭാഗങ്ങളില്‍ ഒരേസമയം പേജറുകള്‍ പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. 2,800 ലധികം പേർക്ക് സ്‌ഫോടനത്തിൽ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ബുധനാഴ്ച വാക്കി ടോക്കികൾ കൂട്ടത്തോടെ പൊട്ടിത്തെറിക്കുന്നത്. സ്‌ഫോടനത്തിന് പിന്നിൽ മൊസാദ് ഓപ്പറേഷൻ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള നേതാക്കൾക്കാളാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ 200 ഓളം പേരുടെ നില ഗുരുതരമാണ്. 60 ഓളം രാജ്യങ്ങൾ ഭീകര സംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയ്ക്കുനേരേ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് തുടരെ ആക്രമണങ്ങളുണ്ടാകുന്നത്.
എന്നാൽ ഇന്നത്തെ സ്‌ഫോടനത്തിൽ എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. ബയ്‌റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനൻ എന്നിങ്ങനെ മൂന്നിടത്ത് സ്ഫോടനമുണ്ടായതായാണ് ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുള്ള നേതാക്കളുടെ സംസ്കാരച്ചടങ്ങിനിടെയായിരുന്നു സ്ഫോടനമെന്നും റിപ്പോർട്ടുകളുണ്ട്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹിസ്ബുള്ളയുടെ എം.പി.മാരായ അലി അമ്മാർ, ഹസ്സൻ ഫദ്‍ലള്ള എന്നിവരുടെ ആൺമക്കളും ഹിസ്ബുള്ള അംഗത്തിന്റെ പത്തുവയസ്സുകാരി മകളും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം. ലെബനനിലെ ഇറാൻ സ്ഥാനപതി മൊജ്താബ അമാനിക്ക് ഗുരുതരമായി പരിക്കേറ്റു.