National

മരിച്ചയാളുടെ ഒരു കണ്ണ് നഷ്ടമായി. എലി കടിച്ചെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞ് ഡോക്ടര്‍

പട്ന: സര്‍ക്കാര്‍ ആശുപത്രികളില്‍ പല തരത്തിലുള്ള ശോചനീയമായ അവസ്ഥ വാര്‍ത്തകളില്‍ എപ്പോഴും ഇടം പിടിക്കുന്നതാണ്. എന്നാല്‍ മൃതശരീരത്തിനോട് പോലും അനാദരവ് കാണിക്കുന്ന അവസ്ഥയിലേയ്ക്ക് ഇത്തരം ആശുപത്രിയിലെത്തിയെന്ന് മനസിലാകുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ബീഹാറില്‍ ഉണ്ടായത്. മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ബന്ധുക്കള്‍ കണ്ടത് മൃതദേഹത്തിന് കണ്ണില്ലാത്ത അവസ്ഥയിലായിരുന്നു. നവംബര്‍ 15 ന് അജ്ഞാതരുടെ വെടിയേറ്റ് പട്നയിലെ നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (എന്‍എംസിഎച്ച്) പ്രവേശിപ്പിച്ച ഫന്തുഷ് കുമാര്‍ വെള്ളിയാഴ്ച്ച രാത്രി മരണത്തിന് കീഴടങ്ങിയിരുന്നു. രാത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ കഴിയാത്തതിനാല്‍ മൃതദേഹം ഐസിയു ബെഡില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കൊണ്ടുവരുമ്പോഴാണ് ബന്ധുക്കള്‍ ഇടതുകണ്ണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മാത്രമല്ല, ഒരു സര്‍ജിക്കല്‍ ബ്ലേഡ് മൃതദേഹത്തിന് അരികില്‍ സ്‌ട്രെച്ചറില്‍ കിടക്കുന്നതും അവര്‍ ശ്രദ്ധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ എലികള്‍ കണ്ണ് കടിച്ചിരിക്കാമെന്ന് ബന്ധുക്കളോട് പറഞ്ഞു. എന്നാല്‍ ബന്ധുക്കള്‍ ഇത് കണ്ണ് ഡോക്ടര്‍മാര്‍ തന്നെ ചൂഴ്‌ന്നെടുത്തതാണെന്നാണ് പറയുന്നത്.

സംഭവം വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇത് ഗുരുതരമായ പ്രശ്നമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എന്‍എംസിഎച്ച് മെഡിക്കല്‍ സൂപ്രണ്ട് ബിനോദ് കുമാര്‍ സിംഗ് വ്യക്തമാക്കി. മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കണ്ണ് എങ്ങനെയാണ് പുറത്തെടുത്തതെന്ന് അറിയാന്‍ കഴിയൂവെന്നും ഇത് സംബന്ധിച്ച് ആലംഗഞ്ച് പോലീസ് സ്റ്റേഷനില്‍ ഔപചാരികമായി പരാതി നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *