‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സർവാധികാരം നടപ്പാക്കാനുള്ള അജണ്ടയെന്ന് പിണറായി വിജയൻ

ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

pinarayi vijayan

തിരുവനന്തപുരം: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവാധികാരം നടപ്പാക്കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് പിണറായി വിജയൻ്റെ പ്രതികരണം.

ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരിൻ്റെ കാലത്തുതന്നെ ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുമെന്ന്‌ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറ്റാനുള്ള ഗൂഢശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വൈവിദ്ധ്യത്തെ തകർക്കാനായാണ് “ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ ഉരുത്തിരിയുന്ന രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ യാന്ത്രികമായി തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യത്തെ തകർക്കുന്നതിന് തുല്ല്യമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. സംഘപരിവാർ നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആർഎസ്എസ് നേതാക്കളുമായി എഡിജിപി അജിത് കുമാർ രഹസ്യ ചർച്ച നടത്തിയതിൽ പിണറായി ഇതുവരെ കൃത്യമായ പ്രതികരണം നടത്തിയിട്ടില്ല. സംഘപരിവാർ ആശയങ്ങൾ കേരളത്തിൽ നടപ്പാക്കാനുള്ള സിപിഎം ആർഎസ്എസ് രഹസ്യ ധാരണയുടെ ഭാഗമാണ് രഹസ്യ ചർച്ച എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments