തിരുവനന്തപുരം: ഒരു മാസം നീണ്ടുനിന്ന ക്രിക്കറ്റ് പൂരങ്ങൾ കൊടിയിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി .ഇന്ന് വൈകുന്നേരം 6.45 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കലാശപ്പോരിന് തുടക്കമാവും. ആദ്യ ചാമ്പ്യൻസ് പട്ടം നേടാനുള്ള തയാറെടുപ്പിലാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഏരീസ് കൊല്ലം സെയിലേർസും. സെമിയിൽ ഇരുടീമുകളും വമ്പൻപോരാട്ടമാണ് കാഴ്ച്ചവെച്ചത്.
ട്രിവാൻട്രം റോയൽസിനെ തിരിച്ചടിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.സെമിയിൽ തൃശ്ശൂർ ടൈറ്റൻസിനെതിരെ 16 റണ്ണിൻ്റെ ജയത്തിനുശേഷമാണ് കൊല്ലം സെയിലേർസ് കാലിക്കറ്റിന് എതിരാളിയായി കളത്തിലിറങ്ങുക.
സീസണിലുടനീളം ഇരു ടീമുകളും ശക്തമായ മേൽക്കൈ നിലനിർത്തിയിരുന്നു, 10 മത്സരങ്ങളിൽ നിന്ന് 8 വിജയങ്ങളുമായി ഏരീസ് കൊല്ലം സെയിലേഴ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 7 വിജയങ്ങളുമായാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനലിലെത്തിയത്.
നേർക്കുനേർ പോരാട്ടം
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർ: ഒമർ അബൂബക്കർ, രോഹൻ കുന്നുമ്മൽ (സി), അഖിൽ സ്കറിയ, റഷീദ് അജിനാസ്, സൽമാൻ നിസാർ, അൻഫൽ, അബിജിത്ത് പ്രവീൺ, നിഖിൽ എം, സഞ്ജയ് രാജ്, അജിത് വാസുദേവൻ, അഖിൽ ദേവ്
ഏരീസ് കൊല്ലം സെയിലേർസ്: അഭിഷേക് നായർ, അരുൺ പൗലോസ്, സച്ചിൻ ബേബി (സി), ഷറഫുദീൻ എൻ.എം., വത്സൽ ഗോവിന്ദ്, രാഹുൽ ശർമ, ബിജു നാരായണൻ, അർജുൻ എ.കെ, കെ.എം. ആസിഫ്, എൻ.പി. ബേസിൽ, സുധീഷൻ മിഥുൻ ഇവരാണ് കാലാശപ്പോരിലെ സാധ്യതാ ഇലവൻ.
മുൻനിര കളിക്കാർ
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
സൽമാൻ നിസാർ & രോഹൻ കുന്നുമ്മൽ: ഈ സീസണിൽ ഗ്ലോബ്‌സ്റ്റാർസിൻ്റെ ബാറ്റിംഗ് വിജയത്തിൽ ഇരുവരും നിർണായകമാണ്. സൽമാൻ നിസാർ 11 ഇന്നിംഗ്‌സുകളിൽ നിന്ന് 431 റൺസ് നേടിയപ്പോൾ രോഹൻ കുന്നുമ്മൽ 10 മത്സരങ്ങളിൽ നിന്ന് 320 റൺസ് കൂട്ടിച്ചേർത്തു.
അഖിൽ സ്കറിയ: ട്രിവാൻഡ്രം റോയൽസിനെതിരായ സെമിയിൽ 4 വിക്കറ്റ് നേട്ടം ഉൾപ്പെടെ 11 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റ് വീഴ്ത്തി, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിൻ്റെ മികച്ച ബൗളറാണ്.
ഏരീസ് കൊല്ലം സെയിലേർസ്
സച്ചിൻ ബേബി: ടീമിൻ്റെ ക്യാപ്റ്റനും മധ്യനിരയിലെ പ്രധാനിയും മികച്ച ഫോമിലാണ്, 11 ഇന്നിംഗ്‌സുകളിൽ നിന്ന് 153.82 സ്‌ട്രൈക്ക് റേറ്റും 52.48 ശരാശരിയുമായി 423 റൺസ് നേടി. സെമിയിൽ 83 റൺസാണ് നേടിയത്.
ഷറഫുദ്ദീൻ എൻഎം: ബൗളിംഗ് ആക്രമണത്തിൽ മുന്നിൽ നിൽക്കുന്ന ഷറഫുദീൻ ഈ സീസണിൽ 19 വിക്കറ്റുകൾ വീഴ്ത്തി.