തിരുവനന്തപുരം: കലാഭവൻ മാണി സ്മാരക നിർമ്മാണ കരാർ ഊരാളുങ്കലിന്. ചാലക്കുടിയിൽ നിർമ്മിക്കുന്ന സ്മാരകത്തിൻ്റെ സാങ്കേതിക കാര്യങ്ങളുടെ ഉപദേശ നിർദ്ദേശങ്ങൾക്കായി ഊരാളുങ്കൽ ചീഫ് എഞ്ചിനിയർ അടക്കം 5 അംഗ ടെക്നിക്കൽ കമ്മിറ്റി രൂപികരിച്ചു.
2017 ലെ ബജറ്റിൽ തോമസ് ഐസക്ക് ആണ് കലാഭവൻ മണി സ്മാരകം ചാലക്കുടിയിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. കേരള ഫോക് ലോർ അക്കാദമിയുടെ നേതൃത്വത്തിൽ ആയിരുന്നു സ്മാരക നിർമ്മാണം പ്രഖ്യാപിച്ചത്. ഐസക്കിൻ്റെ പ്രഖ്യാപനം പതിവ് പോലെ ജലരേഖയായി മാറി. ഐസക്കിൻ്റെ കസേരയും പോയി. പകരം ബാലഗോപാലും വന്നെങ്കിലും കലാഭവൻ മണി സ്മാരകം സർക്കാർ മറന്നു.
ഇതിനെതിരെ ശക്തമായ വിമർശനങ്ങൾ സിനിമാ ലോകത്ത് നിന്നും കലാഭവൻ മണിയുടെ കുടുംബത്തിൽ നിന്നും ഉയർന്നു. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് കലാഭവൻ മണി സ്മാരകം വൈകുന്നത് നിയമസഭയിൽ പല വട്ടം ചൂണ്ടി കാണിച്ചതോടെയാണ് സ്മാരക നിർമാണത്തിന് അനക്കം വച്ചത്.
ഫോക് ലോർ അക്കാദമിക്ക് എഞ്ചിനിയറിംഗ് വിംഗ് ഇല്ലാത്തതിനാലാണ് 5 അംഗ ടെക്നിക്കൽ കമ്മിറ്റി രൂപികരിച്ചത്. 3 കോടി രൂപയാണ് സ്മാരകം പണിയാനുള്ള ചെലവ്. സ്മാരകം പണി പൂർത്തിയാകുമ്പോഴേക്കും ചെലവ് വീണ്ടും ഉയരുമെന്നാണ് ലഭിക്കുന്ന സൂചന.