CinemaNews

കൂവലിൽ നിന്ന് കയ്യടിപ്പിച്ച ടൊവി ; വില്ലനിൽ‍‍ നിന്നും സൂപ്പർ‍ഹിറോയായി മാറിയ മിന്നൽ മുരളി

ടൊവിനോ എന്ന ഇരിങ്ങാലക്കുടക്കാരനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളി മനസില്‍ ആദ്യം വരുന്നത് ഏവരെയും മയക്കുന്ന ആ ചിരിയാണ്. പ്രക്ഷകർ ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് വിജയകരമായ 12 വര്‍ഷങ്ങള്‍ പൂർത്തിയാക്കുകയാണ് ടൊവിനോ. ഈ വിജയം മലയാള സിനിമയെ സംബന്ധിച്ച് ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കാരണം ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ ആളുകള്‍ ഇനി തിയറ്ററുകളിലെത്തുമോയെന്ന് സംശയിച്ചു നില്‍ക്കെയാണ് ടൊവിനോ ഒരു വന്‍ഹിറ്റുമായി എത്തുന്നത്.അതേസമയം, അധികമെങ്ങും പരാമര്‍ശിക്കപ്പെടാത്ത ഒന്നാണ് ടൊവിനോയുടെ ഭൂതകാലം. അഭിഭാഷകനായ ഇല്ലിക്കല്‍ തോമസിന്റെയും ഷീലാ തോമസിന്റെയും മകനായി ജനിച്ച ടൊവിനോ വീട്ടിലെ ഇളയകുട്ടിയാണ്. സിനിമകള്‍ കാണാനിഷ്ടമാണെങ്കിലും അഭിനയിക്കാന്‍ കഴിയുമെന്ന് ടൊവിനോയ്ക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. പ്ലസ് ടു വിദ്യാർഥിയായിരിക്കെ ചരിത്ര നാടകത്തില്‍ കാട്ടാളന്റെ വേഷത്തില്‍ അഭിനയിക്കാനായി സ്‌റ്റേജില്‍ കയറി. എന്നാൽ കൂവലിന്റെ ശക്തിമൂലം ടൊവിനോയ്ക്ക് സ്റ്റേജിൽ നിന്നിറങ്ങിപ്പോരേണ്ടി വന്നു.

തന്റെ വഴി സിനിമയാണെന്ന് തിരിച്ചറിഞ്ഞതു മുതൽ ഒരുപാട് സിനിമകളുടെ ഓഡീഷന് ടൊവിനോ പോയി. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ലെവലിലുളള വേഷങ്ങള്‍ക്ക് പോലും ശ്രമം തുടര്‍ന്നു. ജാഥയ്ക്ക് കൊടി പിടിക്കുന്ന റോളുകളില്‍ പോലും പ്രത്യക്ഷപ്പെടാന്‍ ടൊവിനോ മടിച്ചില്ല. തുടക്കത്തില്‍ എല്ലാവരും നേരിട്ടതു പോലെ പരിഹാസവാക്കുകളും മടുപ്പിക്കുന്ന കമന്റുകളും നേരിടേണ്ടി വന്നു. മലയാള സിനിമയ്ക്ക് പറ്റിയ മുഖമല്ലെന്ന് വരെ പറഞ്ഞു. എന്നാൽ അതിലൊന്നും ടൊവിനോ തളര്‍ന്നില്ല. അങ്ങനെ ഏറെ നാളത്തെ പ്രയത്‌നത്തിന് ശേഷം പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ ചെഗുവേര സുരേന്ദ്രന്‍ എന്ന ഒരു വേഷം കിട്ടി.

ആഗസ്റ്റ് ക്ലബ്ബ് എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാൽ അതൊന്നും ടൊവിനോയുടെ കരിയറിൽ വഴിത്തിരിവായില്ല. ഇതിനിടയില്‍ തീവ്രം എന്ന സിനിമയില്‍ സംവിധായകന്‍ രൂപേഷ് പീതാംബരന്റെ സഹായിയായി ജോലി ചെയ്തു. സിനിമയുടെ സാങ്കേതിക വശങ്ങള്‍ അടുത്തറിയാന്‍ ഈ അവസരം മൂലം ടൊവിനോയ്ക്ക് സാധിച്ചു.

ആ സിനിമയുടെ സെറ്റില്‍ വച്ച് മാര്‍ട്ടിന്‍ പ്രക്കാട്ടിനെ പരിചയപ്പെട്ടതാണ് ടൊവിയുടെ ജീവിതം മാറ്റി മറിച്ചത്. എബിസിഡി എന്ന ചിത്രത്തിലെ പ്രധാന വില്ലനാകാന്‍ ഓഫര്‍ ലഭിച്ചു. ഒരു രാഷ്ട്രീയക്കാരന്റെ റോളായിരുന്നു കിട്ടിയത്. അങ്ങനെ അഖിലേഷ് വര്‍മ്മ ടൊവിനോ എന്ന നടന്റെ വരവ് അറിയിക്കുകയായിരുന്നു. പിന്നീട് നിരവധി വില്ലന്‍ വേഷങ്ങള്‍ ലഭിച്ചു.

മൊയ്തീനിലെ അപ്പുവേട്ടന്‍, ഗപ്പിയിലെ തേജസ് വര്‍ക്കി, ഒരു മെക്‌സിക്കന്‍ അപാരതയിലെ പോള്‍…വ്യത്യസ്ത വേഷങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീട്. ഗപ്പി തിയറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഇന്റര്‍നെറ്റില്‍ വന്‍ഹിറ്റായി. മെക്‌സിക്കന്‍ അപാരതയോടെ പരാജയങ്ങള്‍ ഓര്‍മയായി. ലൂസിഫറിലെ ക്യാരക്ടര്‍ റോളില്‍ ശരിക്കും മിന്നിത്തിളങ്ങി.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദയിലെ വേഷം ടൊവിനോയ്ക്ക് താരമൂല്യമുളള നടനിലേക്കുളള പാലമായി. തിയറ്ററില്‍ വന്‍വിജയം കൈവരിച്ച ഗോദ മികച്ച സിനിമയെന്ന ഖ്യാതി നേടി. ഒപ്പം ടൊവിനോയുടെ പ്രകടനവും നന്നായി ശ്രദ്ധിക്കപ്പെട്ടു. അതേസമയം, മഹാനദിയിലെ മാത്തന്‍ ടൊവിയെ റൊമാന്റിക് ഹീറോയാക്കി മാറ്റി. ആമിയില്‍ മഞ്ജു വാരിയരെ പോലെ സീനിയറായ നായികയ്‌ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ട ടൊവി തന്റെ പ്രകടനം മെച്ചപ്പെടുത്തി.

ഇടക്കാട് ബറ്റാലിയനും ഫോറന്‍സിക്കും കൂടി എത്തിയതോടെ നായകന്‍ എന്ന നിലയില്‍ സര്‍വസ്വീകാര്യതയുളള നടനായി. എന്നാല്‍ ടൊവിനോയെ സൂപ്പര്‍താരമാക്കിയത് മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ മൂവിയാണ്. പ്രളയം പ്രമേയമായ 2018 കൂടി മെഗാഹിറ്റായതോടെ ടൊവിയുടെ താരമൂല്യം ഗണ്യമായി ഉയര്‍ന്നു. പിന്നാലെ എത്തിയ ആക്ഷന്‍ ചിത്രമായ തല്ലുമാലയിലും ടൊവിനോ കസറി.

ഇപ്പോള്‍ എല്ലാ കണക്കുകൂട്ടലുകളും അട്ടിമറിച്ചു കൊണ്ട് മറ്റൊരു ഗംഭീര ഹിറ്റിന് നായകത്വം നല്‍കിയിരിക്കുകയാണ് ടൊവി. എആര്‍എം എന്ന ചുരുക്കപ്പേരില്‍ പുറത്തു വന്ന ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x