ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് ആദ്യ നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 26.72 ശതമാനം രേഖപ്പെടുത്തി. കശ്മീർ താഴ്‌വരയിലെ 16 മണ്ഡലങ്ങളിലും ജമ്മുവിലെ 8 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ദക്ഷിണ കശ്മീരിലെ കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത് നാഗ് എന്നീ വാശിയേറിയ പോരാട്ടമണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നതാണ്.
അതേസമയം ഭീകരാക്രമണങ്ങളുടെ ഭീഷണിയെ തുടർന്ന കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
219 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്നത്. പ്രമുഖ സ്ഥാനാർഥികളിൽ മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഐഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി, മുൻ കശ്മീർ കോൺഗ്രസ് പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ എന്നിവരും ഉൾപ്പെടുന്നു.
നാഷണൽ കോൺഫറൻസും കോൺഗ്രസും ഒന്നിച്ച് മത്സരിക്കുന്നുണ്ടെങ്കിലും, പിഡിപി ഒറ്റയ്ക്കാണ് പോരാട്ടം. സൗത്ത് കശ്മീരിൽ ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 24 മണ്ഡലങ്ങളിലെ വോട്ടർമാർ വിധി എഴുതുന്ന ഈ തെരഞ്ഞെടുപ്പ്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണ്.