തിരുവനന്തപുരം: കേരള നിയമസഭയുടെ 12 ആം സമ്മേളനം ഒക്ടോബർ നാല് മുതൽ ചേരും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സർക്കാർ ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും. അതേസമയം വയനാട് ഉരുൾപൊട്ടൽ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കള്ളക്കണക്കുകൾ നിറഞ്ഞ മെമ്മോറാണ്ടം ദോഷം ചെയ്യുമെന്ന് മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചു. മെമ്മോറാണ്ടത്തിലെ വിവരങ്ങൾ റവന്യു മന്ത്രി കെ രാജൻ യോഗത്തിൽ വിശദീകരിക്കുകയും മന്ത്രിസഭാ ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാനും യോഗം നിശ്ചയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍ കോടതികളെയാണ് റഗുലർ കോടതികൾ ആക്കുക. പുതുതായി 21 തസ്തികകള്‍ സൃഷ്ടിക്കാനും ക്രിമിനല്‍ കോടതികളില്‍ അനുവദിച്ചിട്ടുള്ള 16 തസ്തികകള്‍ പരിവര്‍ത്തനം ചെയ്യാനും മന്ത്രിസഭാ തീരുമാനിച്ചു.
അതോടൊപ്പം ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്താനും യോഗം തീരുമാനിച്ചു. 1948-ലെ മിനിമം വേജസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപഭോക്തൃ വില സൂചിക തയ്യാറാക്കുന്നതിനാണ് ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്തുന്നത്. 2023-24 അടിസ്ഥാന വർഷം കണക്കാക്കി എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് സർവേ. ഇതിനായി ഡെപ്യൂട്ടി ഡയറക്റ്റർ ഉൾപ്പെടെ 4 തസ്തികകളും സൃഷ്ട്ടിക്കും.
ആലുവ മുനിസിപ്പാലിറ്റിയില്‍ നാഷണല്‍ ആയുഷ് മിഷന്‍റെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോമിയോ ഡിസ്പെന്‍സറി ആരംഭിക്കാനും തീരുമാനിച്ചു. കോഴിക്കോട് സൈബര്‍ പാര്‍ക്കിനോട് ചേര്‍ന്ന് കിടക്കുന്ന 20 സെന്‍റ് സ്ഥലം സൈബര്‍ പാര്‍ക്കിനായി ഏറ്റെടുക്കാനും ഭരണാനുമതി നല്‍കി.