
കോൺഗ്രസിലെ നേതാക്കളുടെ കൂട്ടായ പ്രവർത്തനമില്ലെന്നും, പാർട്ടിയുടെ ശക്തി നഷ്ടപ്പെട്ടതിനാൽ വോട്ടുകൾ ബിജെപിക്ക് കൈമാറി പോയെന്നും, കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെ പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ചാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
“തൃശൂരിൽ മത്സരിക്കാൻ പാർട്ടി എനിക്ക് നിർദ്ദേശം നൽകിയപ്പോൾ വിജയം ഉറപ്പാണെന്ന് പറഞ്ഞു. പക്ഷേ, ബിജെപിക്ക് 56,000 വോട്ടുകൾ പോയി, അത് ഇന്നുവരെ കോൺഗ്രസിലെ വിദ്വാന്മാർക്ക് മനസിലായിട്ടില്ല,” മുരളീധരൻ പറഞ്ഞു.
തൃശൂരിൽ തന്റെ സ്ഥാനാർഥിത്വത്തെ ‘നട്ടും ബോൾട്ടും സ്റ്റിയറിംഗും ഇല്ലാത്ത വണ്ടി’യോട് ഉപമിച്ചുകൊണ്ടാണ് അദ്ദേഹം വിമർശനം മുന്നോട്ടുവച്ചത്. കോഴിക്കോട്ടെ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിനെയും മറ്റു നേതാക്കളെയും വിമർശിച്ച മുരളീധരൻ, “ഈ അവസരം പാർട്ടി ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണ്” എന്ന് കൂടി സൂചിപ്പിച്ചു.