
യെച്ചൂരിയുടെ വിയോഗത്തിന് പിന്നാലെ എം വി ഗോവിന്ദൻ വിദേശത്തേക്ക്
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്നുള്ള ദുഃഖാചരണത്തിന് തൊട്ട് പിന്നാലെയാണ് എം വി ഗോവിന്ദൻ ഓസ്‌ട്രേലിയൻ പര്യടനത്തിന് തിരിച്ചത്. ഓസ്ട്രേലിയയിൽ ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കുടുംബസമേതം തിരിച്ചത്.
സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തീയതി പുതുക്കി നിശ്ചയിച്ച ശേഷമായിരുന്നു യാത്ര. ഓസ്‌ട്രേലിയയിൽ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മയിലും കുടുംബ സംഗമത്തിലും എംവി ഗോവിന്ദൻ പങ്കെടുക്കും. സിഡ്നി, മെൽബൺ, ബ്രിസ്ബെൻ, പെര്‍ത്ത് എന്നിവിടങ്ങിളിൽ വിവിധ പരിപാടികളിലും പങ്കെടുക്കാനാണ് പദ്ധതി. ഒരാഴ്ചത്തെ ഓസ്‌ട്രേലിയൻ പര്യടനമാണ് തീരുമാനിച്ചിട്ടുള്ളത്.
യെച്ചൂരിയുടെ മരണത്തിൽ ദുഃഖാചരണം കഴിഞ്ഞാണ് പോയതെന്നും പാര്‍ട്ടി പരിപാടിയിൽ പങ്കെടുക്കാനായത് കൊണ്ട് അതിൽ വിമര്‍ശനത്തിന് പ്രസക്തിയില്ലെന്നുമാണ് ആണ് സിപിഎം വിശദീകരിക്കുന്നത്.
കോടിയേരിയുടെ വിയോഗത്തിന് പിന്നാലെ പിണറായി വിജയനും വിദേശ പര്യടനത്തിന് പോയിരുന്നു. കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിന് തൊട്ട് പിന്നാലെ അമേരിക്കയടക്കം വിദേശ രാജ്യങ്ങളിലേക്ക് യാത്രതിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംഘത്തിന്‍റെയും നടപടി പാര്‍ട്ടിക്കകത്തും പുറത്തും വലിയ തോതിൽ വിമര്‍ശിക്കപ്പെട്ടിരുന്നു.പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയും സമാന നടപടി സ്വീകരിച്ചത്.
യെച്ചൂരിക്ക് പകരം താൽകാലിക ജനറൽ സെക്രട്ടറി ചുമതല ആർക്ക് നൽകും, അടുത്ത ജനറൽ സെക്രട്ടറി ആര് തുടങ്ങിയ സുപ്രധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് എംവി ഗോവിന്ദൻറ്റെ വിദേശ പര്യടനം.