തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ എക്സ് അക്കൗണ്ട് ചെയ്ത സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി. സുധാകരൻ ഐഎൻസി എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിൻ്റെ പാസ്‌വേഡ് ഉള്‍പ്പെടെ അജ്ഞാതര്‍ മാറ്റിയതിനാല്‍ പേജിൻ്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 13 ന് കെപിസിസി അധ്യക്ഷൻ്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വാർത്ത മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.
കെ സുധാകരന്‍ എന്ന പേരും പ്രൊഫൈല്‍ ചിത്രവും അജ്ഞാതര്‍ മാറ്റിയെങ്കിലും സുധാകരൻ ഐഎൻസി എന്ന അഡ്രസ്സ് മാറ്റാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട പേജില്‍ കെ സുധാകരന്‍ എന്ന പേരിൻ്റെ സ്ഥാനത്ത് ഒന്ന് എന്നാക്കി. യൂസര്‍നെയിമിന് താഴെയായി അറബിക് ഭാഷയോട് സാമ്യമുള്ള ഒരു വാക്കും ഹാക്ക് ചെയ്യപ്പെട്ട പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ടത് മുതൽ അക്കൗണ്ട് നിയന്ത്രണം തിരിച്ച് പിടിക്കാൻ ശ്രമം നടത്തിയിരുന്നു.
തുടർന്നാണ് പേജ് ഹാക്ക് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ ഡിജിപിക്ക് പരാതി നല്‍കിയത്. പഴയ പേജ് തിരികെ കിട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്സിൻ്റെ അധികൃതര്‍ക്കും എംപി കത്ത് നല്‍കിയിട്ടുണ്ട്.