തിരുവനന്തപുരം: ഫുട്ബോളിനെ ആവേശമാക്കി ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയം. കാൽപ്പന്തോണത്തിൻ്റെ മധുരമായിരുന്നു തലസ്ഥാനത്തിനിന്നലെ. സ്വന്തം മണ്ണിലെ ആദ്യ മത്സരത്തിൽ സെർജിയോയുടെ കൊമ്പൻസിന് പിഴച്ചില്ല.എതിരാളികളുടെ പ്രതിരോധം ലക്ഷണമൊത്ത ഇരട്ട ഗോളുകൾക്കൊണ്ട് തകർത്തെറിയുകയും നീലപ്പടയുടെ ഗോളുകൾ ഗാലറിയിലെ മഞ്ഞപ്പട ആഘോഷമാക്കിമാറ്റി.
ഹോം ജേഴ്സിയായ നീലക്കുപ്പായത്തിലാണ് കൊമ്പൻസ് സ്വന്തം തട്ടകത്തിൽ അരങ്ങേറ്റത്തിനിറങ്ങിയതെങ്കിൽ കൊമ്പൻസിൻ്റെ മുഖ്യ ജേഴ്സിയായ മഞ്ഞപ്പുതച്ചായിരുന്നു സ്‌റ്റേഡിയത്തിൻ്റെ ഗാലറികൾ. തൃശൂർ മാജിക് എഫ്സിക്കെതിരെ പാലക്കാട്ടുകാരൻ വിഷ്ണുവും, മിസോറാം താരം ലാൽ മംഗയി സംഗയുമാണ് ഗോൾ നേടിയത്. രണ്ടിനും വഴിയൊരുക്കാൻ ടീമിൻ്റെ നെടുംതൂണയ നായകൻ പാട്രിക് മോത്തയും മുൻ നിരയിലെത്തി. മത്സരത്തിൻ്റെ തുടക്കത്തിൽ തൃശ്ശൂർ ശക്തമായ പ്രതിരോധം തീർത്തു. എന്നാൽ 15-ാം മിനിറ്റിലായിരുന്നു കൊമ്പൻസിൻ്റെ ആദ്യ ഗോൾ.
കൊമ്പൻസിനനുകൂലമായ കോർണർ കിക്കെടുത്ത മോത്ത വലതു വിങ്ങിൽ നിന്നു പോസ്റ്റിന് ഇടതുവശത്തായി നിന്ന വിഷ്ണുവിന് പന്ത് കൈമാറിയതും ആ പന്ത് അതിമനോഹരമായി പോസ്റ്റിലേക്ക് ഹെഡ് ചെയ്ത് കൊമ്പൻസിൻ്റെ ആദ്യ ഗോൾ പിറന്നു. അയ്യായിരത്തിലെ ആരാധകരുടെ പ്രതീക്ഷയായി ആ ഗോൾ ചരിത്രമെഴുതി. 69-ാം മിനിറ്റിൽ തൃശ്ശൂരിൻ്റെ പരാജയമുറപ്പിക്കാൻ നായകൻ പാട്രിക് മോത്തയുടെ ഫ്രീകിക്ക് ബ്രസീലിയൻ താരം മാർക്കോസ് ഹെഡ്ചെയ്ത് ലാൽ മംഗയി സംഗയ്ക്ക് നൽകി. അത് കൃത്യമായി ഗോൾവല തകർത്തപ്പോൾ കൊമ്പൻസിന് ആദ്യ ജയവും തൃശ്ശൂരിൻ്റെ തുടർച്ചയായ രണ്ടാം തോൽവിക്കും കാരണമായി.
കളറായി ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയവും
സൂപ്പർ ലീഗ് കേരളയിലൂടെ പുതിയ പ്രതീക്ഷയാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനുള്ളത്. തിരുവനന്തപുരത്തിൻ്റെ കായിക പ്പെരുമയേറെയുള്ള സ്റ്റേഡിയം നിലവിൽ കേരള പോലീസിൻ്റെ ഉടമസ്ഥതയിലാണ്. സ്‌റ്റേഡിയത്തിൽ ആവശ്യമായ നവീകരണങ്ങൾ നടത്തിയത് തലസ്ഥാനത്തിൻ്റെ സ്വന്തം ടീമായ തിരുവനന്തപുരം കൊമ്പൻസിൻ്റെ ഉടമകളാണ്. 3 കോടി ചെലവിലായിരുന്നു നവീകരണം. ഇനി സ്ഥിരമായി കൊമ്പൻസിൻ്റെ തട്ടകമായി മാറുകയാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം.