2024-25ലെ രഞ്ജിട്രോഫിക്ക് മുന്നോടിയായി പന്തിൽ തിളങ്ങി അർജുൻ ടെണ്ടുൽക്കർ. കർണാടകയിൽവച്ചുനടന്ന ഡോ.കെ.തിമ്മപ്പയ്യ മെമ്മോറിയൽ ടൂർണമെൻ്റിൽ ഗോവയ്ക്കായി ഇറങ്ങിയ അർജുൻ കർണാടകയ്ക്കെതിരെ രണ്ട് ഇന്നിങ്ങ്സുകളിലായി 9 വിക്കറ്റുകൾ നേടി. മത്സരത്തിൽ ആതിഥേയരായ കർണാടകയെ ഗോവ 189 റൺസിന് പരാജയപ്പെടുത്തി.
ആദ്യ ഇന്നിംഗ്‌സിൽ കർണാടക 103 റൺസിന് പുറത്തായി, 13 ഓവറിൽ 41 റൺസ് വഴങ്ങി അർജുൻ 5 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ അഭിനവ് തേജ്‌രാന നേടിയ 109റൺസും, മന്ഥൻ ഖുത്‌കറിൻ്റെ 69 റൺസിൻ്റെയും പിൻബലത്തിൽ 413 റൺസ് നേടി. മറുപടി ഇന്നിങ്ങ്സിൽ 121 റൺസ് മാത്രമെ കർണാടകയ്ക്ക് നേടാൻ കഴിഞ്ഞുള്ളൂ. ഇതോടെ കർണാടക 189 റൺസിന് പരാജയപ്പെടുകയായിരുന്നു. രണ്ടാം ഇന്നിങ്ങ്സിൽ, 46 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ അർജുൻ അങ്ങനെ രണ്ട് ഇന്നിങ്ങ്സുകളിലായി ആകെ 9 വിക്കറ്റുകൾ നേടി.
മത്സര ക്രിക്കറ്റിൽ തൻ്റെ സ്ഥാനം ഉറപ്പിക്കാൻ കഠിനമായി പരിശ്രമിക്കുന്ന സമയത്താണ് ഇത്തരമൊരു നേട്ടം. ഈ പ്രകടനം ക്രിക്കറ്റിൽ വീണ്ടുമൊരു സച്ചിൻ ടെണ്ടുൽക്കറുടെ ഉദയമാവുമെന്ന ശുഭപ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.