മുന്നറിയിപ്പില്ലാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിക്കുന്ന ബിജെപി നയത്തിന് കടിഞ്ഞാണിട്ട് സുപ്രിം കോടതി ഇടപെടൽ. ഇത്തരത്തിൽ കുറ്റവാളികളുടേത് ഉൾപ്പെടെയുള്ള വീടുകൾ പൊളിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് സ്റ്റേ. ഒക്റ്റോബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി. ഒക്റ്റോബർ ഒന്നിന് ഇക്കാര്യത്തിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
അധികാരമുള്ളവരുടെ കൈകള്‍ ഇത്തരത്തില്‍ കെട്ടിയിടാന്‍ പാടില്ലെന്ന് സൂചിപ്പിച്ച് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്ത കോടതി ഉത്തരവിനെതിരെ എതിര്‍പ്പ് ഉന്നയിച്ചു. എന്നാൽ രണ്ടാഴ്ചത്തേക്ക് ഇത്തരം പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
കോടതികളുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കരുതെന്ന് സുപ്രീംകോടതി കർശന നിര്‍ദ്ദേശം നൽകി. കേന്ദ്രത്തിലും പ്രത്യേകിച്ച് ഉത്തർ പ്രദേശിലും ബുൾഡോസർ അമിതാധികാര പ്രയോഗം അടുത്തിടെയായി കൂടുകയായിരുന്നു. ഇതിനെതിരെ എസ്പി നേതാവ് അഖിലേഷ് യാദവും അടുത്തിടെ രംഗത്ത് എത്തിയിരുന്നു.
പൊതുറോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലേക്കുള്ള കൈയേറ്റങ്ങള്‍ക്ക് നിലവിലെ സ്റ്റേ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.