ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ പലർക്കും കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് റിപ്പോർട്ട്. അന്വേഷണ സംഘത്തിനോടാണ് പലരും ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഹേമ കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മൊഴിയിൽ ഉറച്ച് നിൽക്കുന്നതായും ഇവർ വെളിപ്പെടുത്തിയതായാണ് സൂചന. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി ആണ് ഹേമ കമ്മിറ്റി.
കേസില്‍ എസ്‌ഐടിയുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയ എല്ലാവരിൽ നിന്നും നേരിട്ട് മൊഴി എടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഭൂരിഭാഗം പേരില്‍ നിന്നും ഇതിനോടകം മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രത്യേക അന്വേഷണ സംഘം നേരിട്ടും ഓണ്‍ലൈനായുമാണ് മൊഴിയെടുക്കുന്നത്.
മൊഴി നൽകിയ പലരും തുടര്‍ നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് അന്വേഷണസംഘത്തെ അറിയിച്ചു. മൊഴിയില്‍ മിക്കവരും ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും തുടർ നടപടികളിലേക്ക് കടക്കാനില്ലെന്നാണ് വിശദീകരണം. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് മൊഴിയെടുപ്പ് നടത്തുന്നത്.
ഗുരുതരമായ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും സർക്കാർ റിപ്പോർട്ട് ഇത്രകാലം പൂഴ്ത്തി വെച്ചതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. റിപ്പോർട്ടിൻ്റെ പൂർണ്ണപൂരം അന്വേഷണ സംഘത്തിന് കൈമാറാനും കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് ഇടപെടാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരുടെയും മൊഴി പ്രത്യേകം രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.
അതേസമയം ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തേണ്ടെന്നാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.