ന്യൂ ഡൽഹി: വിദ്വേഷ പരാമർശം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോൺഗ്രസ് അധ്യക്ഷൻ. രാഹുൽ ഗാന്ധിക്ക് നേരെ ബിജെപി നേതാക്കൾ ആക്രോശവും, ഭീഷണിയും ഉയർത്തിയ സാഹചര്യം മുൻനിർത്തിയാണ് മല്ലികാർജുൻ ഖർഗെയുടെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം നൽകുമെന്നായിരുന്നു ശിവസേന ഷിൻഡെ വിഭാഗം നേതാവ് നടത്തിയ പരാമർശം. ബിജെപിയുടെ അക്രമ, വിദ്വേഷ രാഷ്ട്രീയത്തിന് നേരെ അതിശക്തമായ ഭാഷയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻ പ്രതികരിച്ചത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന അങ്ങേയറ്റം അപകീർത്തികരമായ പരാമർശങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ദുഃഖത്തോടെ പറയട്ടെ, നിങ്ങളുടെ പാർട്ടിയും സഖ്യകക്ഷികളും ഉപയോഗിക്കുന്ന അങ്ങേയറ്റം ആക്ഷേപകരമായ പരാമർശങ്ങൾ ഭാവിയിൽ ദോഷം ചെയ്യുന്നവയാണെന്നും അദ്ദേഹം കത്തിൽ ഓർമ്മിപ്പിച്ചു.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള ഒരു മന്ത്രിയാണ് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ ‘നമ്പർ വൺ തീവ്രവാദി’യെന്നു വിശേഷിപ്പിച്ചത്. കേന്ദ്ര സർക്കാരുമായി ബന്ധമുള്ള പാർട്ടിയിലെ എംഎൽഎ രാഹുൽ ഗാന്ധിയുടെ നാവ് അറുത്താൽ 11 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. ഡൽഹിയിൽ നിന്നുള്ള മുൻ എംഎൽഎയും ബിജെപി നേതാവുമായ വ്യക്തി പറയുന്നത് രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിന്റെ മുത്തശ്ശിയുടേതിനു സമാനമായ അനുഭവമുണ്ടാകും എന്നാണ്, രാഹുൽ ഗാന്ധിക്ക് എതിരെ ബിജെപി നേതാക്കൾ ഉയർത്തിയ ആക്ഷേപങ്ങളും ഭീഷണിയും അദ്ദേഹം കത്തിൽ അക്കമിട്ട് നിരത്തി.
നിങ്ങളുടെ നേതാക്കൾക്കു മേൽ അച്ചടക്കവും മര്യാദയും നിർബന്ധമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു. ഇത്തരം വിദ്വേഷ പ്രചരണം നടത്തുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണം. ഇന്ത്യയുടെ സംസ്കാരം ലോകത്താകെ ചർച്ച ചെയ്യപ്പെടുന്നത് അഹിംസയുടെയും സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും പേരിലാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.
ബ്രിട്ടീഷ് ഭരണകാലത്തും ഗാന്ധിജി അഹിംസയുടെ ആശയങ്ങൾ രാഷ്ട്രീയത്തിൽ കൊണ്ടുവരാൻ ശ്രദ്ധിച്ചിരുന്നു. സ്വാതന്ത്യം ലഭിച്ചതിനു ശേഷവും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ആരോഗ്യപരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. വിദ്വേഷം വിളമ്പുന്ന ദുഷ്ട ശക്തികൾ കാരണം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവർക്കും ജീവൻ ബലിയർപ്പിക്കേണ്ടി വന്നുവെന്നും ഖർഗെ കത്തിൽ പറയുന്നു.