ദുബായ്: വനിതാ – പുരുഷ ട്വൻ്റി 20 ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക തുല്യമാക്കി അന്താരാഷ്ട ക്രിക്കറ്റ് കൗൺസിലിൻ്റെ നീക്കം. 2024 ഒക്റ്റോബറിൽ ആരംഭിക്കുന്ന വനിതാ ലോകകപ്പ് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. പുതിയ തീരുമാന പ്രകാരം ജേതാക്കൾക്ക് 19.5 കോടി രൂപ പ്രതിഫലമായി നൽകും. 2030 മുതൽ സമ്മാനത്തുക തുല്യമാക്കാൻ ആയിരുന്നു ഐസിസിയുടെ പദ്ധതി. എന്നാൽ പരിഷ്കാരം നേരത്തേ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. ദുബായ് ആസ്ഥാനമായ അന്താരാഷ്ട്ര ക്രിക്കറ്റ് ഭരണ സമിതിയാണ് ഐസിസി.
കഴിഞ്ഞ വർഷത്തെ ഐസിസി വാർഷിക സമ്മേളനത്തിലാണ് സമ്മാനത്തുക തുല്യമാക്കാനുള്ള നിർണായക തീരുമാനമെടുത്തത്. ഇതോടെ ലോകകപ്പുകളിൽ പുരുഷ, വനിതാ ടീമുകൾക്ക് തുല്യ സമ്മാനത്തുക നൽകുന്ന ഏക കായിക ഇനമായി മാറും ക്രിക്കറ്റ്. വനിതാ ക്രിക്കറ്റിൻ്റെ വളർച്ച വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് ഐസിസി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. കായിക രംഗത്തെ സ്ത്രീ പുരുഷ വേർതിരിവ് ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമാകും ഈ നിർണ്ണായക നീക്കം എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷത്തെ വിജയികളെ അപേക്ഷിച്ച് 130 ശതമാനത്തിലധികം സമ്മാനത്തുക ഇത്തവണത്തെ വനിതാ ക്രിക്കറ്റ് ചാമ്പ്യന്മാർക്ക് ലഭിക്കും. റണ്ണർ അപ്പ്, സെമി ഫൈനലിസ്റ്റുകൾ എന്നിവർക്കും പ്രതിഫലത്തിൽ ആനുപാതികമായ വർദ്ധനവ് ഉണ്ടാകും.
ഒക്ടോബർ മൂന്നിന് ഈ വർഷത്തെ വനിതാ ട്വൻ്റി 20 ലോകകപ്പിനു തുടക്കമാകും. ഷാർജ സ്റ്റേഡിയത്തിൽ സ്കോട്‌ലൻഡും ബംഗ്ലദേശും തമ്മിൽ ആദ്യ മത്സരം നടക്കും.