മുംബൈ : ഇന്ത്യൻ ഓഹരി വിപണിക്ക് ഇത് കുതിപ്പിന്റെ കാലം. വിപണി മൂല്യം 470.51 ലക്ഷം കോടി കടന്നിരിക്കുകയാണ്. സെൻസെക്സ് 83,184.34 പൊയിന്റിലെത്തി പുതിയ ഉയരം കുറിച്ചതൊടെയാണ് വിപണി മൂല്യവും കുതിച്ച് ഉയർന്ന് പുതിയ നേട്ടം കരസ്ഥമാക്കിയത്.
തുടർച്ചയായി അഞ്ച് ആഴ്ച നേട്ടം ഉണ്ടാക്കിയ ഓഹരി വിപണി ഇടയ്‌ക്ക് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ കഴിഞ്ഞയാഴ്ച വിപണി തിരിച്ചുകയറുന്നതാണ് കാണാൻ സാധിക്കുന്നത്. ഓഹരി വിപണിയിലെ പത്തു മുൻനിര കമ്പനികളിൽ ഒൻപതെണ്ണത്തിന്റെ വിപണി മൂല്യത്തിലും വർദ്ധനവുണ്ടായി.
ഭാരതി എയർടെൽ ആണ് ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയത്. ടെലികോം കമ്പനിയായ ഭാരതി എയർടെലിന്റെ വിപണി മൂല്യത്തിൽ മാത്രം 54,282 കോടിയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 9,30,490 കോടിയായാണ് എയർടെലിന്റെ വിപണി മൂല്യം ഉയർന്നത്. ഐസിഐസിഐ ബാങ്ക് ആണ് തൊട്ടുപിന്നിലായി ഉള്ളത്.
വിപണി മൂല്യത്തിലുണ്ടായ വർദ്ധനവ് ശക്തമായ സമ്പദ്‌വ്യവസ്ഥയുടെ പ്രതിഫലനമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സ്ഥിരതയും നിക്ഷേപ വരവും ആഗോള തലത്തിൽ ഇന്ത്യയ്‌ക്ക് വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇതിനെ തുടർന്ന് ഇന്ത്യൻ കമ്പനികളുടെ വരുമാനത്തിലും വൻ വർദ്ധനവാണുണ്ടാകുന്നത്.