ചെങ്ങന്നൂര്‍: പമ്പാനദിയിൽ ഇറപ്പുഴ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ആറ്റിൽ വീണ തുഴച്ചിലുകാരന്‍ മുങ്ങിമരിച്ചു. മുതവഴി പള്ളിയോടത്തിലെ തുഴച്ചിലുകാരന്‍ അപ്പു എന്നറിയപ്പെടുന്ന നടുവിലേത്ത് വിഷ്ണുദാസ് (22) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു.
ഇന്ന് (17/9/24) വൈകിട്ട് നാലരയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിലായിരുന്നു കൂട്ടിയിടി ഉണ്ടായത്. കോടിയാട്ടുകരയും മുതവഴിയും മത്സരിക്കവെയാണ് അപകടം സംഭവിച്ചത്. സ്റ്റാര്‍ട്ടിങ് പോയിന്റ് പിന്നിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ ഒരേ ട്രാക്കിലെത്തിയ പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടർന്ന് രണ്ട് പള്ളിയോടങ്ങളുടെയും തുഴച്ചിലുകാർ വെള്ളത്തില്‍ വീഴുകയായിരുന്നു.
അപകടത്തിനിടെ വിഷ്ണുദാസിനെ കാണാതായി. ഇയാളെ ഫയർ ഫോഴ്‌സ് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ഇതോടെ ജലോത്സവം ഫൈനൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു.