മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ. രണ്ട് ദിവസത്തിനുള്ളിൽ താൻ രാജിവെയ്ക്കുമെന്നും ഇനി ജനവിധി അറിഞ്ഞാലെ മുഖ്യമന്ത്രിപദത്തിലേക്ക് തിരികെ വരികയുള്ളൂവെന്നുമാണ് കെജ്രിവാൾ വ്യക്തമാക്കിയത്. അതിനാൽ തന്നെ കെജ്രിവാൾ രാജി വെച്ചാൽ ആരാകും അടുത്ത ഡൽഹി മുഖ്യമന്ത്രിയെന്ന ചർച്ചകൾ ഇതോടെ സജീവമായിരിക്കുകയാണ്.
കെജ്രിവാൾ കഴിഞ്ഞാൽ പാർട്ടിയിൽ രണ്ടാമൻ മനീഷ് സിസോദിയ ആണ്. എന്നാൽ മദ്യനയ അഴിമതിക്കേസില്‍ ജയിൽ വാസം അനുഭവിച്ച സിസോദിയയും ഇനി താൻ ജനവിധി അറിയാതെ മന്ത്രിസ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി ഡൽഹിയെ നയിക്കാൻ വനിത മുഖ്യമന്ത്രിയെത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അത്തരത്തിൽ അതിഷിയുടെ പേരാണ് ചർച്ചകളിൽ ഇടംപിടിക്കുന്നത്. മനീഷ് സിസോദിയയും കെജ്രിവാളും ജയിലിൽ ആയിരുന്നപ്പോൾ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചത് അതിഷിയായിരുന്നു.
2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്ന അതിഷി ആം ആദ്മിയെ രൂപപ്പെടുത്തുന്നതിൽ തന്നെ നിർണായക പങ്ക് വഹിച്ച നേതാവാണ്. നിലവിലെ സർക്കാരിൽ ധനകാര്യം, ആസൂത്രണം, പിഡബ്ല്യുഡി, ജലം, വൈദ്യുതി, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ടിടിഇ, പബ്ലിക് റിലേഷൻസ്, വിജിലൻസ് എന്നിങ്ങനെ നിരവധി സുപ്രധാന വകുപ്പുകൾ അതിഷിയാണ് കൈകാര്യം ചെയ്യുന്നത്. ഏകദേശം 11 ഓളം വകുപ്പുകളാണ് അതിഷിക്ക് കീഴിലുള്ളത്.
2023 ലെ പുനഃസംഘടനയിലാണ് അതിഷി മന്ത്രിസഭയിൽ ഇടംപിടിച്ചത്. വിവിധ കേസുകളിൽ അറസ്റ്റിലായതിന് പിന്നാലെ സിസോദിയയും മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചതിന് തുടർന്നായിരുന്നു അതിഷി മന്ത്രിസഭയിൽ എത്തിയത്. കെജ്രിവാൾ ജയിലിൽ ആയിരുന്നപ്പോൾ പാർട്ടിയുടെ നിർണായക ചുമതലകളെല്ലാം വഹിച്ചിരുന്നതും അതിഷിയായിരുന്നു. കൽക്കജ് മണ്ഡലത്തിൽ നിന്നാണ് അതിഷി തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, പകരക്കാരിയായി ക്രെജിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ എത്തുമോയെന്ന ചോദ്യമാണ് ഇപ്പോൾ ബി ജെ പി ഉയർത്തുന്നത്. ഭാര്യയെ മുഖ്യമന്ത്രിയാക്കി അധികാരം തന്റെ കൈപ്പിടിയിൽ തന്നെ നിലനിർത്താനാണോ കെജ്രിവാളിന്റെ നീക്കമെന്ന് സംശയമുണ്ടെന്ന് ബി ജെ പി നേതാവ് ഷെഹ്സാദ് പൂനെവാലെ ആരോപിച്ചു. കെജ്രിവാൾ ജയിലിൽ ആയിരുന്നപ്പോൾ ആം ആദ്മിയുടെ പൊതുപരിപാടികളിലെല്ലാം സജീവമായിരുന്നു സുനിത കെജ്‌രിവാൾ. ഇന്ത്യ സഖ്യത്തിന്റെ പരിപാടികളിലടക്കം സുനിത പങ്കെടുത്തിട്ടുണ്ട്.
മാത്രമല്ല ഹരിയാനയിൽ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നതും സുനിതയാണ്. അതുകൊണ്ട് തന്നെ സുനിതയെ പരിഗണിക്കാനുള്ള സാധ്യത ശക്തമാണെന്ന വിലയിരുത്തലുകൾ ഉണ്ട്. എന്നാൽ സുനിതയെ മുഖ്യമന്ത്രിയാക്കിയാൽ അത് പ്രതിപക്ഷത്തിന് അടിക്കാനുള്ള വക നൽകുന്നതിന് തുല്യമാകുമെന്ന വിലയിരുത്തൽ ഉണ്ട്. ബി ജെ പി വിഷയത്തിൽ പ്രചരണം ശക്തമാക്കുമെന്നും അത് തിരിച്ചടിയാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്തായാലും, ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടയിൽ ഉടൻ തന്നെ ഡൽഹിയിൽ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു സ്പീക്കർ ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരിയിലാണ് ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഈ നവംബറിൽ തന്നെ ഡൽഹിയിലും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം കെജ്രിവാളും ആം ആദ്മിയും ഉയർത്തിയിട്ടുണ്ട്.