തമിഴ് സിനിമ ലോകത്തെ ഇളയ ദളപതിയാണ് വിജയ്. അടുത്തിടെ പുറത്തിറങ്ങിയ ഗോട്ട് തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്.ഇതിന്‍റെ വിജയത്തിന് പിന്നാലെയാണ് ദളപതി 69 എന്ന പ്രൊജക്റ്റ് വിജയ് പ്രഖ്യാപിച്ചത്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അനിരുദ്ധാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
കഴിഞ്ഞ ദിവസം മലയാളികളുടെ പ്രധാന ആഘോഷമായ ഓണത്തിന് ആശംസകൾ നേർന്ന് വിജയ് എക്‌സിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. എൻ്റെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് അദ്ദേഹം തൻ്റെ പോസ്റ്റിൽ കുറിച്ചത്. എന്നാല്‍ പിന്നാലെ ഇതിനെതിരെ ട്രോളുകള്‍ വന്നു.തമിഴ്നാട്ടില്‍ വ്യാപകമായി ആഘോഷിക്കുന്ന വിനായക ചതുര്‍ദ്ദി, തമിഴ് പുത്താണ്ട് എന്നീ സന്ദര്‍ഭങ്ങളില്‍ വിജയ് ഇത്തരം ആശംസ നേര്‍ന്നില്ലെന്നാണ് പലരും ചൂണ്ടികാട്ടിയത്. പാര്‍ട്ടിയുടെ പേരില്‍ തമിഴ് വച്ചിട്ട് അവരുടെ ആഘോഷങ്ങള്‍ക്ക് വിജയ് പ്രധാന്യം നല്‍കുന്നില്ലെ എന്ന് ചോദിച്ചവരും ഉണ്ട്.
ദളപതി 69″ എന്ന ചിത്രത്തിന് ശേഷം വിജയ് സിനിമയിൽ നിന്ന് വിരമിക്കാനിരിക്കുകയാണ്. ഇത് അദ്ദേഹത്തിൻ്റെ അവസാന ചിത്രമായതിനാൽ ആരാധകർക്കിടയിൽ ഈ ചിത്രത്തിനായുള്ള ആകാംക്ഷയും ഏറെയാണ്. “ദളപതി 69” 2025 ഒക്ടോബറിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സിനിമ പൂർത്തിയാക്കിയതിന് പിന്നാലെ പൂർണമായും രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ പാർട്ടിയുമായി മത്സരിക്കാൻ തീരുമാനിച്ച നടൻ അതിനായുള്ള അനുബന്ധ തയ്യാറെടുപ്പുകൾ നടത്തിവരുകയാണ്.