KeralaNewsPolitics

‘വീണയ്ക്ക് കാനഡയിൽ കണ്‍സള്‍ട്ടൻസി കമ്പനി’; ലാവലിന്റെ നാട്ടില്‍ പിണറായിയുടെ മകളുടെ കച്ചവടം എന്തെന്ന് ചോദ്യം..

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കാനഡയിലെ ടൊറന്റോയില്‍ കമ്പനിയുണ്ടെന്ന് വ്യാപക പ്രചാരണം. സ്കൈ ഇലവൻ ഇൻകോർപറേറ്റ്സ് എന്ന പേരിൽ 2023 മാർച്ചിലാണു കമ്പനി സ്ഥാപിച്ചത്. മുഖ്യമന്ത്രിയെ വിവാദത്തിലാക്കിയ എസ്എൻസി ലാവ്‌ലിൻ കമ്പനിയുടെ ആസ്ഥാനമായ കാനഡയിൽ മകൾ കമ്പനി തുടങ്ങിയതിൽ ദുരൂഹത ആരോപിച്ചുള്ള പ്രചാരണമാണു നടക്കുന്നത്.

പ്രഫഷനലുകൾക്കും സ്ഥാപനങ്ങൾക്കും പരിശീലനവും കൺസൽറ്റൻസി സേവനവും നൽകുന്ന കമ്പനിയെന്നാണ് ഔദ്യോഗിക വെബ്സൈറ്റിലുള്ളത്. കാനഡയ്ക്കു പുറമേ ഇന്ത്യ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും സേവനം നൽകുമെന്ന് അവകാശപ്പെടുന്നു.

2014ൽ ബെംഗളൂരുവിൽ ആരംഭിച്ച ഐടി സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിന്റെ എംഡിയാണ് വീണ. വീണയുടെ അപേക്ഷയിൽ 2022 നവംബറിൽ ഈ കമ്പനിയുടെ പ്രവർത്തനം റജിസ്ട്രാർ ഓഫ് കമ്പനീസ് താൽക്കാലികമായി മരവിപ്പിച്ചു. ഇതിനു തൊട്ടുപിന്നാലെയാണു കാന‍‍ഡയിൽ കമ്പനി തുടങ്ങിയതെന്നാണു വെബ്സൈറ്റിൽനിന്നു മനസ്സിലാകുന്നത്.

കമ്പനിയുടെ ഏക ഡയറക്ടറായി കാണിച്ചിരിക്കുന്നതു വീണയുടെ പേരാണ്. ഒരു ജീവനക്കാരൻ മാത്രമാണുള്ളതെന്നു കമ്പനിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ കാണുന്നു. ഇദ്ദേഹമാകട്ടെ 2017 മുതൽ എക്സാലോജിക് സൊലൂഷൻസിൽ സോഫ്റ്റ്‌വെയർ ഡവലപ്പറായി ജോലി ചെയ്തയാളാണ്.

മുഖ്യമന്ത്രിയെ വിവാദത്തിലാക്കിയ എസ്എൻസി ലാവ്‌ലിൻ കമ്പനിയുടെ ആസ്ഥാനമായ കാനഡയിൽ മകൾ കമ്പനി തുടങ്ങിയതിൽ ദുരൂഹത ആരോപിച്ചുള്ള പ്രചാരണമാണു നടക്കുന്നത്. കിഫ്ബിക്കു വേണ്ടി ഇറക്കിയ മസാല ബോണ്ട് കരസ്ഥമാക്കിയത് ലാവ്‌ലിൻ കമ്പനിയിലെ ഓഹരി പങ്കാളിയായ കനേഡിയൻ കമ്പനിയാണെന്ന ആരോപണവും നേരത്തേ ഉയർന്നിരുന്നു.

എക്സാലോജിക്– സിഎംആർഎൽ ഇടപാടിൽ പരാതിക്കാരനായ ഷോൺ ജോർജാണു കഴിഞ്ഞദിവസം ഫെയ്സ്ബുക് പേജിലൂടെ സ്കൈ ഇലവൻ ആരോപണം ആദ്യം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *