
അഹമ്മദാബാദ് : രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽനിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യ വന്ദേ മെട്രോ സർവീസ്. ആറു മണിക്കൂറിൽ 360 കിലോമീറ്ററാണ് ട്രെയിൻ സർവീസ് നടത്തുക. അതേസമയം, വന്ദേ മെട്രോ സർവീസിന്റെ പേര് ഇന്ത്യൻ റെയിൽവേ ‘നമോ ഭാരത് റാപിഡ് റെയിൽ’ എന്ന് പുനർനാമകരണം ചെയ്തു.
മണിക്കൂറിൽ 110 കി.മീ. വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക. ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തും. പുലർച്ചെ 5.02ന് ഭുജിൽനിന്നു തിരിക്കുന്ന ട്രെയിൻ രാവിലെ 10.50ന് അഹമ്മദാബാദിലെത്തും. വൈകുന്നേരം 5.30ന് അഹമ്മദാബാദിൽനിന്നു തിരിക്കുന്ന ട്രെയിൻ രാത്രി 11.20ന് ഭുജിൽ തിരിച്ചെത്തും. 1,150 യാത്രക്കാർക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന ട്രെയിനിൽ ആകെ 2,058 വരെ യാത്രക്കാരെ ഉൾക്കൊള്ളാനാകും.