CinemaNews

ഷെയിൻ നിഗത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം ; ഹാലിന്റെ ചിത്രീകരണം പൂർത്തിയായി

ഷെയിൻ നിഗമിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 90 ദിവസമാണ് ഹാലിന്റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്.

‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് ‘ഹാൽ’. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഹാലിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവ്വഹിക്കുന്ന സിനിമയാണ് ‘ഹാൽ’. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്‌‍ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *